തിരുവനന്തപുരം: വയനാട് പൂക്കോട് ഗവൺമെന്‍റ് വെറ്ററിനറി സര്‍വകലാശാല രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ ആശങ്കയറിയിച്ച് പിതാവ് ജയപ്രകാശ്. അന്വേഷണം പ്രഖ്യാപിച്ചിട്ടും കേസ് സിബിഐയ്‌ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സഹമന്ത്രിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ സിബിഐയില്‍ നിന്നോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നോ ലഭിച്ചിട്ടില്ല. ആഭ്യന്തര വകുപ്പില്‍ കത്ത് പരിഭാഷയും ഡ്രാഫ്റ്റിങ്ങും നടക്കുന്നുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. കേസിന്‍റെ പോക്ക് തെറ്റായ ദിശയിലൂടെയാണെന്നും കരുതുന്നു.
ഞാൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിന് മുന്‍പ് വി മുരളീധരനെയും കണ്ടിരുന്നു. അതിനെയെല്ലാം സിപിഎം എതിര്‍ക്കും. ആ പാര്‍ട്ടിയെ ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.