എറണാകുളം: നടൻ നിവിൻ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് ദുബായിയില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. കോതമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ഊന്നുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
യുവതിയുടെ പരാതിയിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. സെക്ഷന്‍ 376 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും ഉയർന്നുവന്ന ലൈംഗികാതിക്രമണ പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഈ കേസും ഏറ്റെടുക്കും.
നിവിൻ പോളിയെ കുടാതെ ഒരു സ്ത്രീ ഉള്‍പ്പെടെ മറ്റു അഞ്ച് പേർക്കെതിരെയും യുവതി പീഡന പരാതി നൽകിയിട്ടുണ്ട്. കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. ഒരു വര്‍ഷം മുന്‍പാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്.
അതേസമയം ഓഗസ്റ്റ് 19ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്ക് എതിരെ ലൈംഗികാരോപണം ഉയര്‍ന്നു. സംവിധായകനായ രഞ്ജിത്ത് നടൻമാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ തുടങ്ങിയ നിരവധി പേര്‍ക്ക് എതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ അഭിനേതാക്കൾക്കും സംവിധായകർക്കുമെതിരെ ഉയർന്നുവന്ന ലൈംഗികാതിക്രമ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയമിച്ചു.
മലയാള സിനിമ മേഖലയില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ ഇതു പുറത്തുവിട്ടത്. നിരവധി നിയമ പോരാട്ടത്തിനൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. ഇത് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ കൂട്ട രാജിയ്‌ക്ക് വരെ കാരണമായി.
Also Read:ലൈംഗികാതിക്രമം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്