തിരുവനന്തപുരം: ആറ്റുകാലിൽ ഏഴ് വയസുകാരന് ക്രൂരമർദനമേറ്റ സംഭവത്തിൽ രണ്ടാനച്‌ഛനെയും അമ്മയെയും റിമാൻഡ് ചെയ്‌തു. കേസിൽ രണ്ടാനച്‌ഛൻ അനു ഒന്നാം പ്രതിയും അമ്മ അഞ്ജന (27) രണ്ടാം പ്രതിയുമാണ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് (ഏപ്രിൽ 19) ഇരുവരെയും ഫോർട്ട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ജുവനൈൽ ജസ്‌റ്റിസ് നിയമപ്രകാരമാണ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ വധശ്രമം, മാരകായുധം കൊണ്ട് മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മർദനത്തിനിരയായ കുട്ടിയെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. ശേഷം കുട്ടിയെ പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
അതേസമയം, കുട്ടിയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചാൽ തന്നെയും ഭർത്താവും മർദിക്കും എന്ന ഭയത്താലാണ് എതിർക്കാതിരുന്നത് എന്നാണ് അഞ്ജന പൊലീസിന് മൊഴി നൽകിയത്. എന്നാൽ, രണ്ടാനച്‌ഛൻ മർദിക്കുമ്പോൾ അമ്മ കൈ കെട്ടി നോക്കി നിൽക്കുകയായിരുന്നു ചെയ്‌തതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. കുട്ടിയെ പച്ച മുളക് തീറ്റിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും പരാതിയിൽ പറയുന്നു.