പാലക്കാട്:പാളത്തിൽ പ്രവേശിക്കുമ്പോൾ ട്രെയിൻ വരുന്നുണ്ടെന്ന സിഗ്നലൊന്നും ഉണ്ടായിരുന്നില്ലെന്ന് അപകട സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന ശുചീകരണ തൊഴിലാളി ശക്‌തിവേൽ. 'പെട്ടെന്ന് അപ്രതീക്ഷിതമായി ട്രെയിൻ വരികയായിരുന്നു. അതിനാൽ അവർക്ക് രക്ഷപ്പെടാനോ എങ്ങോട്ടെങ്കിലും ഓടിമാറാനോ കഴിഞ്ഞില്ല' എന്നും ശക്‌തിവേൽ പറഞ്ഞു.
ഇന്നലെയാണ് (നവംബർ 02) റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ കേരള എക്‌സ്പ്രസ് ട്രെയിനിടിച്ച് മൂന്ന് പേർ മരിച്ചത്. റാണി, വള്ളി, ലക്ഷ്‌മണൻ എന്നീ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇന്നലെ തന്നെ ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും സ്‌കൂബാ ഡൈവേഴ്‌സും ചേർന്ന് ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അപകടത്തിൽ നിന്നും രക്ഷപ്പെടാന്‍ ഭാരതപ്പുഴയിലേക്ക് എടുത്തുചാടിയ ലക്ഷ്‌മണൻ എന്നയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാൾക്ക് വേണ്ടിയുളള തെരച്ചിൽ ഇന്നലെ ആരംഭിച്ചിരുന്നെങ്കിലും പുഴയിൽ ശക്‌തമായ അടിയൊഴുക്ക് തുടർന്നതിനാൽ നിർത്തിവെച്ചു. തെരച്ചിൽ ഇന്ന് പുനരാരംഭിച്ചിട്ടുണ്ട്.
തമിഴ്‌നാട് സ്വദേശികളായ ഇവർ നാലുപേരും ഒറ്റപ്പാലത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. അതേസമയം, റെയിൽവേ ട്രാക്ക് വൃത്തിയാക്കാനുളള കരാറുകാരനുമായുളള എല്ലാ കരാറുകളും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയതിൽ കരാറുകാരനെതിരെ ക്രിമിനൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. മലപ്പുറം സ്വദേശി മുനവറിനായിരുന്നു കരാർ നൽകിയിരുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ റെയിൽവേ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നുപേർക്ക് ദാരുണാന്ത്യം