കേരളം

kerala

ETV Bharat / state

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം: എഐ ക്യാമറ, കണ്‍ട്രോള്‍ റൂം, എലിഫന്‍റ് സ്‌ക്വാഡ്, സുസജ്ജമായി വനം വകുപ്പ് - SABARIMALA

ശബരിമല തീര്‍ഥാടനത്തിന് ഭക്തരെ വരവേല്‍ക്കാന്‍ സുസജ്ജമായി വനം വകുപ്പ്.

A K SASEENDRAN  ശബരിമല മണ്ഡല മകരവിളക്ക്  SABARIMALA PILGRIMAGE PREPARATION  LATEST NEWS IN MALAYALAM
Sabarimala Mandala Pooja Pilgrimage Preparations (ETV Bharat)

By ETV Bharat Kerala Team

Published : Nov 5, 2024, 8:40 PM IST

പത്തനംതിട്ട:ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് വനം വകുപ്പിന്‍റെ ഭാഗത്തു നിന്നുമുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ പമ്പയില്‍ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വനം വകുപ്പിന്‍റെ സംസ്ഥാനതല കോര്‍ഡിനേറ്ററായി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് & ഫീല്‍ഡ് ഡയറക്‌ടര്‍ പ്രോജക്‌ട് ടൈഗര്‍ കോട്ടയത്തിനെ നിയമിച്ചു. കൂടാതെ ഒരു അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പമ്പയിലും സന്നിധാനത്തും ഓരോ കണ്‍ട്രോള്‍ റൂമുകള്‍ നവംബര്‍ 15 മുതല്‍ പ്രവര്‍ത്തന സജ്ജമാകും.

ഭക്തര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി സത്രം, അഴുതക്കടവ്, മുക്കുഴി, പ്ലാപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കും. വന്യജീവികളുടെ ശല്യം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി 48 അംഗ എലിഫന്‍റ് സ്‌ക്വാഡ്, 5 അംഗ സ്‌നേക്ക് റെസ്‌ക്യൂ ടീം എന്നിവ തീര്‍ഥാടന കാലയളവില്‍ 24 മണിക്കൂറും ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കും.

തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 1500 ല്‍ പരം അംഗങ്ങളെ ഉള്‍പ്പെടുത്തി 135ല്‍ അധികം സേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. എല്ലാ താവളങ്ങളിലും ഔഷധ കുടിവെള്ളം വിതരണം ചെയ്യും. സന്നിധാനത്തു നിന്നും പമ്പയില്‍ നിന്നും 90 കാട്ടുപന്നികളെ സുരക്ഷിതമായി ഉള്‍ക്കാട്ടിലേക്ക് മാറ്റി. തീര്‍ഥാടന പാതകളില്‍ അപകടകരമായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റി സുരക്ഷിത യാത്ര ഉറപ്പാക്കുകയും ചെയ്‌തു.

ശബരിമലയില്‍ ഉടനടി വൈദ്യസഹായം

ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കരിമല, മഞ്ഞപ്പൊടിത്തട്ട്, കരിക്കിലാംതോട്, പുല്ലുമേട്, ചരല്‍മേട്, അപ്പാച്ചിമേട്, പതിമൂന്നാം വളവ് എന്നിവിടങ്ങളില്‍ വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. ശബരിമലയില്‍ വനംവകുപ്പിന്‍റെ ഓഫ് റോഡ് ആംബുലന്‍സ് വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തില്‍ പുല്ലുമേട്, പ്ലാപ്പള്ളി, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആര്‍ആര്‍ടി ടീമുകള്‍ ഉണ്ടാകും.

വനംവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള തീര്‍ഥാടന പാതകളിലും പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കും. മനുഷ്യ വന്യമൃഗ സംഘര്‍ഷം ഒഴിവാക്കുന്നതിനും മാലിന്യം നീക്കുന്നതിനുമായി 100 അംഗ ഇക്കോഗാര്‍ഡുകളെ തീര്‍ഥാടന പാതകളില്‍ വിന്യസിക്കും. വനംവകുപ്പ് ശബരിമല തീര്‍ഥാടകര്‍ക്കായി തയ്യാറാക്കിയ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യാവുന്ന 'അയ്യന്‍' മൊബൈല്‍ ആപ്പിന്‍റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

നിരീക്ഷിക്കാൻ എഐ ക്യാമറകളും റിയല്‍ ടൈം മോണിറ്ററിങ് ക്യാമറകളും

തിരുവാഭരണ പാത തെളിക്കുന്ന ജോലികളും തടയണകള്‍ നിര്‍മിക്കുന്ന ജോലികളും സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. കാനന പാതകളിലെ വന്യമൃഗ സാന്നിധ്യം മനസിലാക്കുന്നതിന് എഐ ക്യാമറകളും റിയല്‍ ടൈം മോണിറ്ററിങ് ക്യാമറകളും സ്ഥാപിക്കും. തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി കാനനപാതകളില്‍ ഇക്കോഷോപ്പുകള്‍ സ്ഥാപിക്കും. പരമ്പരാഗത തീര്‍ഥാടന പാതകളിലും മറ്റും മതിയായ ദിശാ സൂചക ബോര്‍ഡുകളും, ബോധവത്‌കരണ ബോര്‍ഡുകളും ബന്ധിതമായി സ്ഥാപിക്കും.

പൊലീസ്, അഗ്‌നിരക്ഷാ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് കെഎസ്‌ആര്‍ടിസി, ബിഎസ്എന്‍എല്‍ മുതലായ വകുപ്പുകള്‍ക്ക് സ്ഥലസൗകര്യങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ അനുവദിച്ച് നല്‍കിയിട്ടുണ്ട്. സത്രം-ഉപ്പുപാറ സന്നിധാനം പരമ്പരാഗത തീര്‍ഥാടന പാതയില്‍ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തിരുവാഭരണ ഘോഷയാത്രയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആചാരപൂര്‍വ്വം ളാഹ സത്രത്തില്‍ സ്വീകരിച്ച് വിശ്രമത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണ്. ഈ തീര്‍ഥാടനകാലം സുഗമമാക്കുന്നതിനും അയ്യപ്പന്മാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനും വനം വകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

Also Read:ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു, സ്പോട് ബുക്കിങ്ങിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ല- മന്ത്രി വിഎൻ വാസവൻ

ABOUT THE AUTHOR

...view details