തനിക്കെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്‌ണൻ. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണിച്ച മനസുള്ളവരെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു ഡോ. ആര്‍എല്‍വി രാമകൃഷ്‌ണന്‍റെ പ്രതികരണം.
രാമകൃഷ്‌ണന് കാക്കയുടെ നിറമാണെന്നും സൗന്ദര്യമില്ലാത്ത ഇയാളെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ആയിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. അതേസമയം കലാമണ്ഡലത്തിൽ വച്ച് നേരത്തെയും സത്യഭാമ തന്നെ ആക്ഷേപിച്ചിട്ടുണ്ടെന്ന് അന്തരിച്ച, നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയായ ആര്‍എല്‍വി രാമകൃഷ്‌ണന്‍ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. കൂടാതെ താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും പിഎച്ച്‌ഡി നേടുന്നതും അവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു എന്നും ഡോ. ആര്‍ എല്‍ വി രാമകൃഷ്‌ണൻ വ്യക്തമാക്കി. വിഷയത്തിൽ ഡോ. ആര്‍ എല്‍ വി രാമകൃഷ്‌ണന് പിന്തുണയുമായി നിരവധിപേർ എത്തുന്നുണ്ട്.
ആർഎൽവി രാമകൃഷ്‌ണന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പ്രിയ കലാസ്‌നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടുചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും സുന്ദരികളായ സ്‌ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നുമൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.