തിരുവനന്തപുരം: അത്യുഷ്‌ണത്തിന്‍റെ ആധിക്യത്തില്‍ നട്ടം തിരിയുമ്പോള്‍ ഒരു സംഭാരം നല്‍കുന്ന ആശ്വാസം പറഞ്ഞറിയിക്കേണ്ടതില്ല. എന്നാല്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ ലഭിക്കുന്ന സംഭാരത്തിന്‍റെ ഗുണ നിലവാരത്തില്‍ സംശയമുള്ളതിനാല്‍ പലരും സംഭാരം ഒഴിവാക്കുകയാണ് പതിവ്. ഇവിടെയാണ് മലയാളികളുടെ വിശ്വാസമാര്‍ജ്ജിച്ച മില്‍മ എന്ന സഹകരണ സ്ഥാപനത്തിന്‍റെ സംഭാരം താരമാകുന്നത്.
ഗുണനിലവാരത്തില്‍ മാത്രമല്ല, രുചിയിലും മികച്ചതായതോടെ വേനല്‍ ചൂടിന് ആശ്വാസം പകരാന്‍ ജനം മില്‍മ സംഭാരം തേടി നടക്കുകയാണ്. മില്‍മയുടെ മിക്ക വില്‍പ്പന ശാലകളിലും ഉച്ചയ്ക്ക് 12 മണിക്കു മുന്‍പുതന്നെ സംഭാരം മുഴുവന്‍ വിറ്റു പോകുകയാണ്. 200 മില്ലി ഗ്രാമിന് വെറും 10 രൂപ മാത്രമേയുള്ളൂവെന്നതും മില്‍മ സംഭാരത്തെ ദാഹിച്ചു വലയുന്നവര്‍ക്കിടയിലെ താരമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 60% വര്‍ദ്ധനവാണ് സംഭാരത്തില്‍ ഇത്തവണ രേഖപ്പെടുത്തിയതെന്ന് മില്‍മ കണ്‍സ്യുമര്‍ വിഭാഗം അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ 45 ലക്ഷം ലിറ്റര്‍ സംഭാരമാണ് സംസ്ഥാന വ്യാപകമായി മില്‍മ ബൂത്തുകള്‍ വഴിയും മറ്റ് കടകളിലൂടെയും വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60% ശതമാനം വില്‍പന വര്‍ദ്ധിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം വരെ 28 ലക്ഷം ലിറ്റര്‍ സംഭാരമായിരുന്നു വില്‍പന. ഇതാണ് ഇത്തവണ ഇരട്ടിയോളമായി വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ദിവസേനയുള്ള സംഭാരത്തിന്‍റെ കച്ചവടവും കുതിച്ച് കയറുകയാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി ഉഷ്‌ണതരംഗം റിപ്പോര്‍ട്ട് ചെയ്‌ത ഏപ്രില്‍ മാസത്തിലാണ് സംഭാരത്തിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍.