ഇടുക്കി :ഇടുക്കി നെടുംകണ്ടത്ത് തൊഴിലുറപ്പില്‍ പണിക്കാരുടെ ഇടയിലേക്ക് അതിഥിയായെത്തിയത് മാവേലിത്തവള. മാവേലിയെ പോലെതന്നെ വർഷത്തിൽ ഒരിക്കൽ മാത്രമെ ഇവ വരാറുള്ളൂ എന്ന് കരുതല്ലേ. പല വർഷക്ഷങ്ങൾ കൂടുമ്പോഴാണ് ഇവ പുറത്തെത്താറ്. കാണുന്നപോലയല്ല ആള് ഭയങ്കരനാണ്. സഹ്യപർവ്വതനിരകളിൽ മാത്രം കാണപ്പെടുന്ന വളരെ അപൂർവങ്ങളിൽ അപൂർവമായ പാതാള തവളയാണിത് . ജീവിച്ചിരിക്കുന്ന ഫോസിലായും ഈ തവളകൾ അറിയപ്പെടുന്നു.
ഐ യു സി എൻ പട്ടികപ്രകാരമുള്ള വംശനാശ ഭീഷണി നേരിടുന്ന ഈ തവള പാതാള തവള, പന്നിമൂക്കൻ തവള, മഹാബലിത്തവള, മാവേലി തവള എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്നു. നാടൻ പേരുകൾ ഒരുപാടുണ്ടെങ്കിലും പർപ്പിൾ ഫ്രോഗ് എന്ന ഫോറിൻ പേരിലാണ് ഇവയെ പൊതുവേ അറിയപ്പെടുന്നത്. സൂഓഗ്ലോസിഡായെ കുടുംബത്തിൽപ്പെടുന്ന പാതാളത്തവളകൾ മഡഗാസ്‌കറിലും സെഷെയ്ൽസ് ദ്വീപുകളിലുമാണ് ഉള്ളത്. 2003 ഒക്‌ടോബർ മാസത്തിൽ തിരുവനന്തപുരം പാലോട് ട്രോപ്പികൽ ബൊട്ടാണിക്കൽ റിസച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എസ്.ഡി. ബിജു, ബ്രസൽസ് ഫ്രീ യൂണിവേർസിറ്റിയിലെ ഫ്രാങ്കി ബൊസൂയിട്ട് എന്നിവർ ഇടുക്കി ജില്ലയിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്.
പിന്നീട് കോതമംഗലം, എരുമേലി, പാലക്കാട് സൈലന്‍റ് വാലി, തൃശൂരിലെ പട്ടിക്കാട്, തമിഴ്നാട്ടിൽ ആനമലയിലെ ശങ്കരൻകുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തി. അതിനുശേഷം ഇപ്പോൾ ആദ്യമായാണ് ഇടുക്കി ഉടുമ്പൻ ചോലയിൽ തവളയെ കണ്ടെത്തുന്നത്. 10 കോടിയോളം വർഷങ്ങൾക്ക് മുൻപേ ഇന്ത്യ ഗോണ്ട്വാന വൻകരയുടെ ഭാഗമായപ്പോൾ ഉരുത്തിരിഞ്ഞവയാണ് ഈ തവളകളെന്ന് കരുതപ്പെടുന്നു.