കാസർകോട്: വൈറ്റ് കോളർ ജോലികള്‍ക്ക് പുറകെ ഓടുന്ന ന്യൂജെൻ തലമുറക്ക് മുന്നിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ജൈവ കൃഷിയിലൂടെ വിജയം കണ്ടെത്തിയിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരൻ നവജിത്ത്. ബിരുദദാരിയായ തൃക്കരിപ്പൂർ സ്വദേശി നവജിത്ത് പ്രിസിഷൻ ഫാമിങ് ജൈവ പച്ചക്കറി കൃഷിയിലൂടെ ശ്രദ്ധേയനായിരിക്കുകയാണ്.
കുറച്ചു വെള്ളവും വളവും കുറഞ്ഞ അധ്വാനവും കൊണ്ട് നിശ്ചിത സ്ഥലത്തുനിന്ന് പരമാവധി ഉൽപാദനം ഉണ്ടാക്കുന്ന പുത്തൻ കൃഷിസമ്പ്രദായമാണ് പ്രിസിഷൻ ഫാമിങ് അഥവാ സൂക്ഷ്‌മ കൃഷി. വളമിടാനോ വെള്ളം ഒഴിക്കാനോ ആരും വേണ്ട. വളവും വെള്ളവും സസ്യസംരക്ഷണ പ്രവർത്തനങ്ങളുമൊക്കെ ഈ സമ്പ്രദായത്തിലെ ഇൻലൈൻ ഡ്രിപ്പർ വഴി വിളകളുടെ വേരുപടലത്തിലേക്കു നേരിട്ട് എത്തിക്കുന്നതാണ് പ്രിസിഷൻ കൃഷിരീതി.
ഒരു നിശ്ചിത സ്ഥലത്ത് ഒരു വിളയിൽനിന്നും ഇത്ര ഉൽപാദനം ലക്ഷ്യമിട്ട് അതിനാവശ്യമായ ഉൽപാദന ഉപാധികൾ ആ വിളയ്‌ക്ക് നൽകി വിളവെടുക്കുക എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. വളരെ ചെറുപ്പത്തിലേ കൃഷിയിൽ തൽപ്പരനായിരുന്നു നവജിത്ത്. ആദ്യം കുറച്ചു മുതൽമുടക്ക് ഉണ്ടായിരുന്നുവെങ്കിലും ഈ രീതി ഒന്ന് പരീക്ഷിക്കാമെന്ന് നവജിത്ത് തീരുമാനിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതോടെ കൃഷി തുടങ്ങിയ നവജിത്തിന് മികച്ച വിളയാണ് ലഭിച്ചത്. പയറും വെണ്ടയും സാധാരണയേക്കാൾ ഇരട്ടി വിളവ് കിട്ടി. കീടബാധയും കുറവാണ്. വീട്ടിലെ ആവശ്യം കഴിഞ്ഞ് വിൽപന നടത്താൻ സാധിക്കുന്നുണ്ടെന്ന് നവജിത്ത് പറയുന്നു. പഠനം കഴിഞ്ഞ് സർക്കാർ ജോലിക്കായി ശ്രമിക്കുന്നതിനിടെയാണ് പ്രിസിഷൻ ഫാമിങ്ങ് പരീക്ഷിച്ചത്. ഇനി മറ്റു പച്ചക്കറികളിൽ കൂടി ഈ രീതി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് നവജിത്ത്. വീടിനോട് ചേർന്ന 30 സെൻ്റ് സ്ഥലത്താണ് പയർ, വെണ്ട, നരമ്പൻ, കുമ്പളം എന്നിവയുടെ കൃഷി. യുവ കർഷകന് പൂർണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.
പ്രിസിഷൻ കൃഷിരീതി
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ചെയ്യുന്ന രീതിയാണ് പ്രിസിഷൻ കൃഷിരീതി. ഒരു ഏക്കർ സ്ഥലത്ത് പ്രിസിഷൻ കൃഷിരീതി ഒരുക്കുന്നതിന് 20,000 മുതൽ 50,000 രൂപവരെയാണ് ചെലവ്. സംസ്ഥാന കൃഷി വകുപ്പും സ്‌റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനും ഇതിനായി ധനസഹായ ചെയ്യുന്നുണ്ട്. ഒരിക്കൽ ഈ സംവിധാനം ഒരുക്കിയാൽ 5-10 വർഷത്തേക്ക് മറ്റു ചെലവുകൾ ഒന്നുമില്ല എന്നതാണ് പ്രത്യേകത.
കൃഷിസ്ഥലത്ത് മാപ്പിങ് നടത്തിയാണ് ജലസംവിധാനം ഒരുക്കുന്നത്. ലാറ്ററൽ പൈപ്പുകൾ, ഡ്രിപ്പറുകൾ, അരിപ്പ, വെഞ്ച്വറി പൈപ്പ്, പമ്പ് സെറ്റ് തുടങ്ങിയവ എവിടെയൊക്കെ എങ്ങനെ വേണമെന്ന് മാപ്പിങ്ങിലൂടെ നേരത്തെതന്നെ ലേ ഔട്ട് ചെയ്യും. ഒരേ മർദത്തിലാണ് വെള്ളം വേരുകളിലേക്ക് എത്തുന്നത്. അതിനായി ലൈനിൽ പ്രഷർ മീറ്റർ ഘടിപ്പിച്ചിട്ടുണ്ടാവും.
പ്രിസിഷനിൽ കൃഷി ചെയ്യുമ്പോൾ രണ്ട് കാര്യത്തിനു മാത്രമേ തൊഴിലാളികൾ വേണ്ടിവരുന്നുള്ളു. ഒന്ന് നടുന്നതിന്, രണ്ട് വിളവെടുക്കുന്നതിന്. ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ കൃഷിവിദഗ്‌ധൻ്റെ സേവനം കൂടിയേതീരൂ.