തിരുവനന്തപുരം : സംസ്ഥാനത്ത് രാത്രികാല വൈദ്യുത ഉപഭോഗം കുതിച്ചുകയറുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ ചേംബറിൽ രാവിലെ 11 മണിക്കാണ് യോഗം ചേരുന്നത്. കെഎസ്ഇബി എംഡിയും ഡയറക്‌ടര്‍മാരുമടങ്ങുന്ന സംഘം മന്ത്രിയുമായി ചർച്ച നടത്തും. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ മുന്നിൽ വിഷയം അവതരിപ്പിക്കാനുമാണ് തീരുമാനം.
അതേസമയം രാത്രി 10ന് ശേഷം സംസ്ഥാനത്തിന്‍റെ വിവിധ നഗര മേഖലകളില്‍ സബ് സ്‌റ്റേഷനുകളും ഫീഡറുകളും വ്യാപകമായി കേടാവുകയാണ്. എന്നാൽ വൈദ്യുതി പ്രതിസന്ധി സംസ്ഥാനം നേരിടുന്നില്ലെന്നും നിലവിലെ പ്രശ്‌നം പൂര്‍ണമായും സാങ്കേതിക കാരണങ്ങള്‍ മൂലമാണെന്നും വൈദ്യുതി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ലോഡ് ഷെഡിങ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നാണ് പ്രധാനമായും ചർച്ച നടത്തുന്നത്.