ഇടുക്കി:മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ സഹോദരൻ സുരേഷ്. പൊലീസും സമരക്കാരും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പറഞ്ഞ സുരേഷ് സംയുക്തമായി പ്രതിഷേധം നടത്താൻ സമ്മതിച്ചതാണെന്നും അത് രാഷ്ട്രീയം കണ്ടുള്ളതായിരുന്നില്ലെന്നും വ്യക്തമാക്കി(elephant attack death).
രാഷ്ട്രീയപരമായി സമരം നടത്തുന്നതിനോട് സമ്മതമായിരുന്നില്ലെന്നും സുരേഷ് പറഞ്ഞു. മോർച്ചറിയിൽ നിന്ന് ബലമായിട്ടാണ് മൃതദേഹം എടുത്തുകൊണ്ടു പോയത്. ദുഃഖിച്ചു നിൽക്കുന്ന ആളുകളോടാണ് അനുവാദം ചോദിച്ചത്. ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്‌ണനോടും മകനോടും അനുവാദം ചോദിച്ചത് അവർ കടുത്ത വിഷമത്തിൽ നിൽക്കുമ്പോഴാണെന്നും സുരേഷ് ചൂണ്ടിക്കാണിച്ചു. മൃതദേഹം തിരികെ മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ പൊലീസും ബലപ്രയോഗം നടത്തി. തന്‍റെ ശരീരത്തിൽ ഇപ്പോഴും അതിന്‍റെ വേദനയുണ്ടെന്നും സഹോദരൻ സുരേഷ് വിശദമാക്കി. മൃതദേഹത്തിന് കൊടുക്കേണ്ട ബഹുമാനം പൊലീസ് കൊടുത്തില്ലെന്നും മരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും സഹോദരൻ ആവശ്യപ്പെട്ടു. പെങ്ങൾക്ക് സംഭവിച്ചത് ഇനി ആർക്കും ഉണ്ടാകാതിരിക്കാൻ കൂട്ടായ ശ്രമമാണ് വേണ്ടതെന്നും സുരേഷ് കൂട്ടിച്ചേർത്തു(Indira).