ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു സീറ്റിലും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ സംഘ പരിവാറിനെ കാലുകുത്താൻ അനുവദിക്കില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് വിജയിച്ചത് സ്വന്തം വോട്ട് നേടിയാണെന്ന് ബിജെപിക്ക് ഉറപ്പില്ല. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഇടത് പക്ഷം.
പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസിൻ്റേത് കുറ്റകരമായ മൗനമാണ്. സംഘപരിവാർ അജണ്ടയോട് കോൺഗ്രസ് സമരസപ്പെടുന്നു. പാനൂരിൽ നടന്നത് തീർത്തും നിയമ വിരുദ്ധമായ പ്രവർത്തനമാണ്. പൊലീസ് ഗൗരവമായി അന്വേഷണം നടത്തും. ഇപ്പോൾ ഉണ്ടായ സംഭവത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയതാണെന്നും പിണറായി വിജയന്‍ ആലപ്പുഴയിൽ പറഞ്ഞു.
കോണ്‍ഗ്രസിന് 2011 ൽ ഉണ്ടായിരുന്ന വോട്ട് ശതമാനം 17.38 ആയിരുന്നു. 2016 ൽ ഇത് 9.7 ശതമാനമായി കുറഞ്ഞു. അങ്ങനെയാണ് ബിജെപി അക്കൗണ്ട് തുറന്നത്. സ്വന്തം വോട്ട് ദാനം ചെയ്‌ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കോണ്‍ഗ്രസ് അവസരം നൽകിയെന്നും പിണറായി വിജയന്‍ ആരോപിച്ചു.
"വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. ബിജെപിയെ തോൽപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ബിജെപി മുക്തമായ പൊതു വേദി വന്നപ്പോൾ അതിൽ സജീവമായി ഞങ്ങളുണ്ട്. കേരളത്തിൽ 20 ൽ ഒന്നിൽ പോലും ബിജെപി ജയിക്കില്ല. ഒന്നിൽ പോലും രണ്ടാം സ്ഥാനം പോലും ഉണ്ടാകില്ല. കേരളത്തിൻ്റെ മണ്ണിൽ സംഘ പരിവാറിനെ വേരുറപ്പിക്കാൻ അനുവദിക്കില്ല. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് സിപിഎം പ്രകടന പത്രികയുടെ ലക്ഷ്യം. കോൺഗ്രസ് മാനിഫെസ്‌റ്റോ തീവ്ര ഹിന്ദുത്വ നിലപാടിനെ ഗൗരവത്തോടെ കാണുന്നില്ല." മുഖ്യമന്ത്രി പറഞ്ഞു.
ധ്രുവീകരണത്തിന് തന്ത്രപരമായ നീക്കം:പൗരത്വ ഭേദഗതി നിയമം വിഷയത്തിൽ കോൺഗ്രസ് കുറ്റകരമായ മൗനമാണ് അവലംബിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒരക്ഷരം എതിരായി പറഞ്ഞിട്ടില്ല. പറയാതിരിക്കുന്നത് ആലോചിച്ചെടുത്ത തീരുമാനമാണ്. നിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ എന്തുകൊണ്ട് കോൺഗ്രസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ആശങ്കയുള്ള ഒരു വിഷയത്തിൻ മുഖ്യ പ്രതിപക്ഷ പാർട്ടിക്ക് ഒന്നും പറയാനില്ല. ചർച്ച വിഷയങളിൽ പൗരത്വ നിയമ ഭേദഗതി ഉണ്ടാകരുത് എന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു. സംഘ പരിവാർ അജണ്ടയോടൊപ്പം കോൺഗ്രസ് ചേർന്ന് നിൽക്കുന്നു. പൗരത്വം മതാടിസ്ഥാനത്തിൽ എന്നത് ഏതെങ്കിലും പരിഷ്‌കൃത രാജ്യത്തുണ്ടോ? പൗരത്വ ഭേദഗതി നിയമത്തിൽ തുറന്ന് അഭിപ്രായം പറയില്ല എന്ന നിലപാട് കോൺഗ്രസ് എന്തു കൊണ്ട് സ്വീകരിക്കുന്നെന്ന് മുഖ്യമന്ത്രി ചോദിച്ചു.