കേരളം

kerala

ETV Bharat / state

7 മാസമായി ശമ്പളമില്ല; ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യത്തിൽ നിന്നും പിന്മാറി വനം വാച്ചര്‍മാര്‍ - Operation Elephant mission Stopped - OPERATION ELEPHANT MISSION STOPPED

ഓപറേഷന്‍ എലഫൻ്റ് ദൗത്യത്തില്‍ നിന്നും പിന്മാറി വനം വാച്ചര്‍മാര്‍. നടപടി രണ്ട് മാസത്തെ ശമ്പളം മുടങ്ങിയതിന് പിന്നാലെ. ഇന്നലെ ദൗത്യത്തിനെത്തിയത് 8 പേര്‍ ഉദ്യോഗസ്ഥര്‍ മാത്രം.

ARALAM WILDLIFE SANCTUARY  ഓപ്പറേഷന്‍ എലഫന്‍റ്  OPERATION ELEPHANT MISSION  മിഷന്‍ എലഫന്‍റ് വാച്ചര്‍മാര്‍
Forest Watchers for elephant operation (ETV Bharat)

By ETV Bharat Kerala Team

Published : Aug 29, 2024, 3:14 PM IST

ഓപറേഷന്‍ എലഫന്‍റ് ദൗത്യം നിർത്തിവച്ചു (ETV Bharat)

കണ്ണൂര്‍:ആറളം വന്യജീവി സങ്കേതത്തിലെ വനം വാച്ചര്‍മാര്‍ ഓപറേഷന്‍ എലഫൻ്റ് ദൗത്യത്തില്‍ നിന്നും മാറി നിന്നിട്ട് ഇത് രണ്ടാം ദിവസം. കഴിഞ്ഞ ഏഴ്‌ മാസമായിട്ടും ശമ്പളം ലഭിക്കാത്തതോടെയാണ് വാച്ചര്‍മാര്‍ ദൗത്യത്തില്‍ നിന്നും പിന്മാറിയത്. ആര്‍ആര്‍ടി ഡെപ്യൂട്ടി റേഞ്ചര്‍ എം ഷൈനി കുമാറിൻ്റെ നേതൃത്വത്തില്‍ എട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇന്നലെ ഓപറേഷന്‍ ദൗത്യത്തിന് ഇറങ്ങിയത്.

നാളിത് വരെ 40 അംഗ സംഘമായിരുന്നു ആറളം ഫാമില്‍ നിന്നും പുനരധിവാസ മേഖലയില്‍ നിന്നും കാട്ടാനകളെ തുരത്തുന്ന ദൗത്യസംഘത്തിലുണ്ടായിരുന്നത്. കാട്ടാനകള്‍ ദൗത്യസംഘത്തിന് നേരെ തിരിയുകയും ചെയ്‌തത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നിരുന്നു.

മഴക്കാലമായതിനാല്‍ കാടുകള്‍ നിറഞ്ഞതും കാട്ടു വളളികളും പുല്ലുകളും പടര്‍ന്നു പിടിച്ചതുമെല്ലാം ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് വാച്ചര്‍മാര്‍ക്ക് ദൗത്യത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. വനം വാച്ചര്‍മാര്‍ ശമ്പളം ലഭിക്കാതെ മാറി നിന്നതിനെക്കുറിച്ച് വനം മന്ത്രി എകെ ശശീന്ദ്രന്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചത് ഇങ്ങനെ.

ഇന്നലെ (ഓഗസ്റ്റ് 28) അവധിയായതിനാല്‍ നടപടി ക്രമങ്ങള്‍ക്ക് തടസം നേരിട്ടെന്നും ഇക്കാര്യത്തില്‍ ഇന്ന് (ഓഗസ്റ്റ് 29) തന്നെ തീരുമാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏഴുമാസക്കാലമായി മുടങ്ങിക്കിടക്കുന്ന ശമ്പള പ്രശ്‌നത്തില്‍ കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ഡിഎഫ്‌ഒ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. സമരം തുടങ്ങിയ അന്ന് തന്നെ അധികൃതര്‍ ഒത്തു തീര്‍പ്പ് നിലപാട് എടുത്തതോടെ സമരത്തില്‍ നിന്നും വാച്ചര്‍മാര്‍ പിന്തിരിഞ്ഞത്.

എന്നാല്‍ വ്യവസ്ഥ അനുസരിച്ച് രണ്ട് മാസത്തെ ശമ്പളം ഒരാഴ്‌ചയ്ക്ക‌കം നല്‍കാമെന്നായിരുന്നു ഉറപ്പ്. നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിനാലാണ് വനം വാച്ചര്‍മാര്‍ ഇന്നലെ മുതല്‍ ഓപറേഷന്‍ എലഫൻ്റ് ദൗത്യത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. നിലവില്‍ ദൗത്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉളളത്.

വാച്ചര്‍മാര്‍ ഉള്‍പ്പെട്ട സംഘമുണ്ടെങ്കിലേ ക്രിയാത്മകമായി ആനകളെ കാട്ടിലേക്ക് കയറ്റാനാകൂ. രണ്ട് ആനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ കാട്ടിലേക്ക് തുരത്തിയിരുന്നു.

Also Read:ഓപ്പറേഷന്‍ എലഫന്‍റ് : എട്ടാം ഘട്ടത്തിൽ 'തുരുതുരാ തുരത്തൽ'; ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും തുരത്തിയത് 30 ആനകളെ

ABOUT THE AUTHOR

...view details