എറണാകുളം: ജലഗതാഗത മേഖലയിൽ പുതിയ ചരിത്രം രചിച്ച കൊച്ചി വാട്ടർ മെട്രോ ഒന്നാം വർഷത്തിലേക്ക്. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഏപ്രിൽ 25 ന് ഒരു വർഷം പൂർത്തിയാകും. പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തുന്ന ഏറ്റവും വിപുലമായ ബോട്ട് സർവീസാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി ലക്ഷ്യമിടുന്നത്.
ഒമ്പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്‌ത് കഴിഞ്ഞു. വിനോദസഞ്ചാര മേഖലയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്തുന്നത് ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകും. ഇതിന് മുന്നോടിയായി ഫോർട്ട് കൊച്ചിയിലെ നടപ്പാതകളും വഴിവിളക്കുകളുമുൾപ്പെടെ മാറ്റി സ്ഥാപിച്ച് കെഎംആർഎൽ ഫോർട്ട് കൊച്ചിയിൽ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
സുസ്ഥിര ജലഗതാഗത രംഗത്തെ പുത്തൻ മാതൃകയായി വാട്ടർ മെട്രോ ഇതിനോടകം മാറിയിട്ടുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാട്ടർ മെട്രോയ്ക്ക് സമാനമായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്. പുതിയ ആശയമായതിനാൽ തന്നെ ആദ്യ വർഷം കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം സ്ഥിരം യാത്രികരുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു.
വാട്ടർ മെട്രോയെ ദൈനംദിന യാത്രകൾക്കായി ദ്വീപ് നിവാസികളെ പ്രേരിപ്പിക്കുന്നതിനാണ് കൊച്ചി വാട്ടർ മെട്രോ പ്രഥമ പരിഗണന നൽകുന്നത്. 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കെ വിവിധ യാത്രാപാസുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാമെന്നതും സാധരണക്കാർക്ക് ആശ്വാസമാണ്.
ബസ് ചാർജിനേക്കാൾ കുറഞ്ഞ നിരക്ക്
സൗത്ത് ചിറ്റൂരിൽ നിന്ന് ബസിൽ ഹൈക്കോർട്ടിലേക്കെത്താൻ 18 രൂപ വേണം. എന്നാൽ കൊച്ചി വാട്ടർ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഇതേ ദൂരം യാത്ര ചെയ്യാൻ കഴിയും. പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ വാട്ടർ മെട്രോയുടെ പ്രധാന വെല്ലുവിളിയാണ്.
സർവ്വീസുകളുടെ എണ്ണത്തിലെ പരിമിതികൾ സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ റൂട്ടുകൾ സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിനും വെല്ലുവിളിയാണ്. പുതിയ റൂട്ടുകൾക്കായി അവശേഷിക്കുന്ന ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യാർഡ് എത്രയും വേഗം നൽകുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.