ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ ആദായനികുതി കുറച്ച നടപടിക്കൊപ്പം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതും സമ്പദ്ഘടനയില്‍ ഉപഭോഗം ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. റിസര്‍വ് ബാങ്ക് ഡയറക്‌ടര്‍മാരുമായി ബജറ്റിന് ശേഷം സാധാരണ നടത്താറുള്ള കൂടിക്കാഴ്‌ചയില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സമ്പദ്ഘടനയില്‍ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബജറ്റിന് ശേഷം വാണിജ്യ മേഖലയിലും മാധ്യമപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍ക്കിടയിലും ഉപഭോഗം വര്‍ധിക്കുമെന്ന സൂചനകളാണ് തനിക്ക് കിട്ടിയതെന്നും നിര്‍മ്മല വ്യക്തമാക്കി. ബജറ്റിന് തൊട്ടുപിന്നാലെ തന്നെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഉപഭോഗ വസ്‌തുക്കളുടെ ബുക്കിങ് തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉപഭോഗ വിപണി തിരിച്ച് വരവിന്‍റെ എല്ലാ സൂചനകളും കാട്ടിത്തുടങ്ങിയെന്നും അവര്‍ പറഞ്ഞു.
ആവശ്യം വര്‍ധിച്ചതോടെ പല വ്യവസായങ്ങളും തങ്ങളുടെ ശേഷി ഉപയോഗം പുനപ്പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. റിപ്പോ നിരക്ക് കുറയ്ക്കുമെന്ന കഴിഞ്ഞ ദിവസത്തെ ആര്‍ബിഐ പ്രഖ്യാപനവും ഇതിന് കരുത്തേകുന്നതാണെന്നും നിര്‍മ്മല ചൂണ്ടിക്കാട്ടി.
2025-26 വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഈ മാസം ഒന്നിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പന്ത്രണ്ട് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്നൊഴിവാക്കുമെന്ന പ്രഖ്യാപനമായിരുന്നു ഇതില്‍ പ്രധാനം. മധ്യവര്‍ഗത്തിന് ഏറെ ആശ്വാസകരമായ പ്രഖ്യാപനമായിരുന്നുവിത്. നേരത്തെ ഇത് ഏഴ് ലക്ഷമായിരുന്നു.
ഒരു കോടിയിലേറെ നികുതി ദായകര്‍ ഇതോടെ നികുതി ശൃംഖലയില്‍ നിന്ന് ഒഴിവായി. സര്‍ക്കാരിന് ഒരുലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതിയും 2600 കോടി രൂപയുടെ പരോക്ഷ നികുതിയുമാണ് ഈ പ്രഖ്യാപനത്തിലൂടെ നഷ്‌ടം.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 6.5ല്‍ നിന്ന് 6.25 ശതമാനമാക്കി കുറച്ചു. മന്ത്രിസഭ പുതിയ ആദായ നികുതി ബില്‍ നിര്‍ദേശം അംഗീകരിച്ചതായി നിര്‍മ്മല അറിയിച്ചു. വരും ആഴ്‌ചയില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. അതിന് ശേഷം ബില്‍ പ്രത്യേക സമിതി പരിശോധിക്കും.
അവരുടെ ശുപാര്‍ശയോടെ വീണ്ടും ബില്‍ ലോക്‌സഭയിലെത്തും. ആവശ്യമെങ്കില്‍ ഭേദഗതികള്‍ വരുത്തും. പിന്നീട് മന്ത്രിസഭ അംഗീകരിച്ച ശേഷം വീണ്ടും പാര്‍ലമെന്‍റിലെത്തും. പിന്നീട് പാര്‍ലമെന്‍റ് പാസാക്കും. അതേസമയം പുതിയ ആദായനികുതി ചട്ടങ്ങള്‍ എപ്പോള്‍ നിലവില്‍ വരുമെന്ന കാര്യത്തില്‍ കൃത്യമായ സമയം പറയാന്‍ ധനമന്ത്രിക്ക് സാധിക്കുന്നില്ല. 2024 ബജറ്റില്‍ തന്നെ 1961ലെ ആദായനികുതി നിയമത്തില്‍ സമഗ്ര പരിഷ്ക്കരണമുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Also Read: അടുത്ത ആഴ്‌ച പുതിയ ആദായ നികുതി ബില്‍ 2025; ഇനി ഈ വൻ മാറ്റങ്ങള്‍ വരുന്നു