ഹൈദരാബാദ്: ഫീച്ചർ അപ്‌ഗ്രേഡുമായി എംജി ആസ്റ്റർ എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. ആസ്റ്ററിന്‍റെ ചില വേരിയന്‍റുകൾക്ക് മാത്രമാണ് പുതിയ സവിശേഷതകൾ നൽകിയിരിക്കുന്നത്. പുതിയ ഫീച്ചർ ലിസ്റ്റിനൊപ്പം വാഹനത്തിന്‍റെ വിലയിലും മാറ്റം വന്നിട്ടുണ്ട്. എംജി ആസ്റ്ററിന്‍റെ മിഡ്-ലെവൽ ഷൈൻ, സെലക്‌ട് തുടങ്ങിയ വേരിയന്‍റുകൾക്കാണ് ഫീച്ചർ അപ്‌ഗ്രേഡ് നൽകിയിരിക്കുന്നത്. ഫീച്ചറിൽ മാറ്റങ്ങളുണ്ടാകുമെങ്കിലും കാറിന്‍റെ ഡിസൈനും മെക്കാനിക്കൽ ഫീച്ചറുകളും മുൻമോഡലിന് സമാനമായിരിക്കും.
ഷൈൻ വേരിയന്‍റിന് പനോരമിക് സൺറൂഫും, ആറ് സ്‌പീക്കർ ഓഡിയോ സജ്ജീകരണവുമാണ് പുതുതായി നൽകിയിരിക്കുന്നത്. അതേസമയം സെലക്‌ട് വേരിയന്‍റിൽ ആറ് എയർബാഗുകളും, പ്രീമിയം ഐവറി ലെതറെറ്റ് സീറ്റും, കൂടാതെ പനോരമിക് സൺറൂഫും, ആറ് സ്‌പീക്കർ ഓഡിയോ സജ്ജീകരണവുമാണ് നൽകിയിരിക്കുന്നത്. ഷൈൻ, സെലക്‌ട് വേരിയന്‍റുകളുടെ പുതിയ ഫീച്ചറുകൾ പരിശോധിക്കാം..
![2025 MG ASTOR PRICE INDIA 2025 MG ASTOR FEATURES NEW MG ASTOR PRICE എംജി ആസ്റ്റർ 2025](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2025/23507375_mg-astor.jpg)
2025 എംജി ആസ്റ്റർ: സ്‌പെസിഫിക്കേഷനുകൾ
ഫീച്ചറുകൾ: 10.1 ഇഞ്ച് എച്ച്‌ഡി ഇൻഫോടെയ്ൻമെന്‍റ് ടച്ച്‌സ്‌ക്രീൻ, ആറ്-സ്‌പീക്കർ സജ്ജീകരണം, പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, യുഎസ്ബി പോർട്ടുകൾ തുടങ്ങിയവയാണ് പുതിയ എംജി ആസ്റ്ററിലെ മറ്റ് ഫീച്ചറുകൾ.
എഞ്ചിൻ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, എംജി ആസ്റ്ററിന്‍റെ പുതുക്കിയ പതിപ്പ് നാച്ചുറലി ആസ്‌പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ, 1.3 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്‌ഷനുകളിലാണ് ലഭ്യമാവുക. 6,000 ആർപിഎമ്മിൽ 108.4 ബിഎച്ച്‌പി കരുത്തും 4,400 ആർപിഎമ്മിൽ 144 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ. അതേസമയം 1.3 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിന് 4,400 ആർപിഎമ്മിൽ 138 ബിഎച്ച്‌പി കരുത്തും 3,600 ആർപിഎമ്മിൽ 220 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കാനാകും.
നാച്ചുറലി ആസ്‌പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 5-സ്‌പീഡ് മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നത്. അതേസമയം ടർബോചാർജ്‌ഡ് എഞ്ചിൻ 6 -സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിൽ മാത്രമേ ലഭ്യമാകൂ. ഡിസ്‌ക്ക് ബ്രേക്കുകളുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ വില: ഈ കോംപാക്റ്റ് എസ്‌യുവിയുടെ പുതുക്കിയ മോഡലിന്‍റെ പ്രാരംഭവില (എക്‌സ്-ഷോറൂം) 9.99 ലക്ഷം രൂപയാണ്. ടോപ്പ്-സ്പെക്ക് വേരിയന്‍റിന് 17.55 ലക്ഷം രൂപയാണ് വില. ഷൈൻ വേരിയന്‍റിന് 12.47 ലക്ഷം രൂപയും സെലക്‌ട് വേരിയന്‍റിന് 13.81 ലക്ഷം രൂപയുമാണ് വില. വൈറ്റ് ആൻഡ് ബ്ലാക്ക്, ഹവാന ഗ്രേ, അറോറ സിൽവർ, ഗ്ലേസ് റെഡ്, കാൻഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നിങ്ങനെ മൊത്തം ആറ് കളർ ഓപ്‌ഷനുകളിൽ എംജി ആസ്റ്ററിന്‍റെ 2025 മോഡൽ ലഭ്യമാവും.
Also Read:
- മഹീന്ദ്രയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവികളുടെ വില പ്രഖ്യാപിച്ചു: എക്‌സ്‌ഇവി 9ഇ, ബിഇ 6 ഇവികളുടെ വിലയറിയാം...
- കിടിലൻ ലുക്കിൽ ഒലയുടെ പുതിയ ഇലക്‌ട്രിക് ബൈക്ക് സീരീസെത്തി: റോഡ്‌സ്റ്റർ എക്‌സിന് വില 74,999 രൂപ
- ജനപ്രിയ സെഡാനായ ഹോണ്ട സിറ്റിയുടെ സ്‌പെഷ്യൽ എഡിഷൻ പുറത്തിറക്കി: വില അറിയാം
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- ബ്രെസയ്‌ക്കും നെക്‌സോണിനും എതിരാളി: കിടിലൻ ലുക്കിൽ കിയ സൈറോസ്; വില 8.9 ലക്ഷം