ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് രാജി വച്ചു. ഗവര്‍ണര്‍ അജയകുമാര്‍ ഭല്ലയെ രാജ്‌ഭവനിലെത്തി കണ്ട് നേരിട്ടാണ് രാജി കൈമാറിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാളെ നിയമസഭയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് രാജി. ഇതിനിടെ സംസ്ഥാന നിയമസഭ മരവിപ്പിച്ചു.
സംസ്ഥാനത്ത് വംശീയ കലാപം തുടങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ രാജി എന്നതും ശ്രദ്ധേയമാണ്. മണിപ്പൂരിനെ ഇത്രനാളും സേവിക്കാനായത് അഭിമാനമാണെന്ന് സിങ് രാജിക്കത്ത് കൈമാറിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും ഒപ്പമെത്തിയാണ് രാജിക്കത്ത് നല്‍കിയത്.
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം തിരികെ എത്തിയതിന് പിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്. മണിപ്പൂര്‍ നിയമസഭയില്‍ ബിജെപിക്ക് 32 സമാജികരാണുള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്‍റെ അഞ്ച് അംഗങ്ങളുടെയും ജെഡിയുവിന്‍റെ ആറംഗങ്ങളുടെയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചിട്ടും ബിജെപിക്ക് ഭൂരിപക്ഷം കാത്ത് സൂക്ഷിക്കാനായിരുന്നു. ഒരു നേതൃമാറ്റത്തിന് കുക്കിയില്‍ നിന്നടക്കമുള്ള സമാജികര്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇവര്‍ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ വേളയില്‍ വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നാണ് കരുതുന്നത്.
അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് കേവലം അഞ്ച് സീറ്റുകള്‍ മാത്രമാണുള്ളത്. എന്നാല്‍ പ്രതിപക്ഷത്തുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ഏഴ് അംഗങ്ങളുണ്ട്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരും കുക്കി പീപ്പിള്‍സ് സഖ്യത്തില്‍ നിന്നുള്ള രണ്ട് അംഗങ്ങളുമുണ്ട്. സ്വന്തം അംഗങ്ങള്‍ കൂടി അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാല്‍ നാണം കെട്ട് രാജി വയ്ക്കാന്‍ ബീരേന്‍സിങ് നിര്‍ബന്ധിതമാകും.
ഇതൊഴിവാക്കാനാണ് രാജി എന്നാണ് വിലയിരുത്തല്‍. നിയമസഭ മരവിപ്പിച്ച് നിര്‍ത്തിക്കൊണ്ട് രാഷ്‌ട്രപതി ഭരണത്തിലേക്ക് നീങ്ങാനുള്ള സാധ്യതകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ കാണുന്നത്. ബീരേന്‍ സിങ്ങിന്‍റെ രാജിക്കുള്ള ആവശ്യം ശക്തമായിരുന്നു.
മണിപ്പൂര്‍ കലാപത്തെ ആളിക്കത്തിക്കുന്നതില്‍ ബീരേന്‍സിങ്ങിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ചില ശബ്‌ദരേഖകള്‍ സുപ്രീം കോടതിയിലെത്തിയിരുന്നു. ഡല്‍ഹി വോട്ടെണ്ണല്‍ നടക്കുന്നതിനിടെ തന്നെ ബീരേന്‍ സിങ് ബിജെപി ദേശീയ നേതൃത്വത്തിലെ ആളുകളുമായി വ്യക്തിപരമായി അദ്ദേഹം കൂടിക്കാഴ്‌ചകള്‍ നടത്തിയിരുന്നു. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റം തടയാനുള്ള നടപടികള്‍ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ബീരേന്‍ സിങ് തന്‍റെ രാജിക്കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: മണിപ്പൂരില്‍ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും സംയുക്ത ഓപ്പറേഷന്‍; നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു