ന്യൂഡല്‍ഹി: സീറ്റില്‍ ഭക്ഷണം വീഴ്‌ത്തിയെന്നാരോപിച്ച് പാചകക്കാരനെ ബസിനുള്ളില്‍ വച്ച് തല്ലിക്കൊന്നു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബവാന മേഖലയിലാണ് സംഭവം. ബാബു എന്ന് വിളിക്കുന്ന മനോജിനെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. ആര്‍ടിവി ബസ് ഡ്രൈവറും അയാളുടെ രണ്ട് സഹായികളും ചേര്‍ന്നായിരുന്നു മര്‍ദിച്ചതെന്നാണ് വിവരം.
ഇതിലൊരാള്‍ മനോജിന്‍റെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായും പറയുന്നു. മനോജ് അബോധാവസ്ഥയിലായതോടെ ഇവര്‍ ഇയാളെ ബവാന മേല്‍പ്പാലത്തിന് സമീപം ഉപേക്ഷിച്ചു കടന്നു. പ്രതികളിലൊരാള്‍ പിടിയിലായതായി പൊലീസ് അറിയിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
വിവാഹങ്ങള്‍ക്കുള്ള ഭക്ഷണം തയാറാക്കുന്ന സംഘത്തിലെ പാചകക്കാരനാണ് നരേല സ്വദേശിയായ മനോജ്. ഈ മാസം ഒന്നിന് മനോജും സഹപ്രവര്‍ത്തകന്‍ ദിനേശും സുല്‍ത്താന്‍പൂര്‍ ദബാസില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങവെയാണ് സംഭവം. വിവാഹത്തില്‍ ബാക്കി വന്ന ഭക്ഷണം ഇവര്‍ കയ്യില്‍ കരുതിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാത്രക്കിടെ ഇത് ബസിന്‍റെ സീറ്റിലേക്ക് അബദ്ധത്തില്‍ വീണു. ഇതാണ് ബസിന്‍റെ ഡ്രൈവറെയും അയാളുടെ സഹായികളെയും പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ദിനേശിനെ ബവാന ചൗക്കില്‍ ഇറങ്ങാന്‍ അവര്‍ അനുവദിച്ചു. എന്നാല്‍ മനോജിനെ തടഞ്ഞ് വച്ച് അദ്ദേഹത്തിന്‍റെ ഷര്‍ട്ട് ഉപയോഗിച്ച് സീറ്റ് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു.
ഡ്രൈവര്‍ അഷു എന്ന് വിളിക്കുന്ന ആശിഷും സുഹൃത്തുക്കളും ഇയാളെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്‌തു. സീറ്റ് വൃത്തിയാക്കുന്നതിനിടെ ആശിഷ്, മനോജിന്‍റെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി.
മേല്‍പ്പാലത്തിന് സമീപം ഒരാളെ അബോധാവസ്ഥയില്‍ കണ്ടെന്ന് പറഞ്ഞ് ഫെബ്രുവരി രണ്ടിന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മരിച്ചയാള്‍ നാടോടിയാണെന്നാണ് ആദ്യം കരുതിയത്. പുറംകാഴ്‌ചയില്‍ ഇയാള്‍ക്ക് പരിക്കുണ്ടെന്ന് തോന്നിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
സഹോദരനെ കാണാനില്ലെന്ന പരാതിയുമായെത്തിയ ജിതേന്ദ്രയാണ് മനോജിനെ തിരിച്ചറിഞ്ഞത്. ഈ മാസം അഞ്ചിന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മനോജിന് നിരവധി ആന്തരിക മുറിവുകള്‍ ഏറ്റിരുന്നതായി ബോധ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ചുട്‌കുലി എന്ന് വിളിക്കുന്ന സുശാന്ത് ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തു. 24കാരനായ ഇയാള്‍ കാരാല ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. ആശിഷിനും മറ്റൊരാള്‍ക്കും വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
Also Read: ഛത്തീസ്‌ഗഡില്‍ വൻ ഏറ്റുമുട്ടല്‍; 31 നക്‌സലുകള്‍ കൊല്ലപ്പെട്ടു, രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു