മലപ്പുറം: ഭരണഘടനയെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്താനാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഏറനാട് നിയമസഭാ മണ്ഡലത്തിലെ പാർട്ടി ബൂത്ത് തല നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രിയങ്ക. 'നമ്മുടെ രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണഘടനയെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരുള്ളത്.
ഇന്ന് നമ്മൾ നടത്തുന്ന പോരാട്ടം നമ്മുടെ സ്വന്തം രാഷ്‌ട്രീയത്തിനും പ്രത്യയശാസ്‌ത്രത്തിനും വേണ്ടിയുള്ള പോരാട്ടം മാത്രമല്ല. ഇന്ത്യയെ സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയ എല്ലാത്തിൻ്റെയും സംരക്ഷണത്തിനുള്ള പോരാട്ടമാണെന്ന് നിങ്ങൾ മനസിലാക്കണം'- പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മനുഷ്യ - മൃഗ സംഘർഷം കുറയ്ക്കുന്നതിനായുള്ള സംരക്ഷണ നടപടികൾക്ക് മതിയായ ഫണ്ട് അത്യാവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. 'കൂടുതൽ ഫണ്ട് അനുവദിക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും കത്തെഴുതും. താൻ ഒരുതവണ ഇക്കാര്യം പാര്‍ലമെന്‍റില്‍ ഉന്നയിച്ചതാണ്. ഇനിയും ഉന്നയിക്കും.
ഈ വിഷയം പരിശോധിക്കേണ്ട ഒന്നാണ്. എളുപ്പമുള്ള പരിഹാരമില്ലാത്തതിനാൽ പരമാവധി സമ്മർദം ചെലുത്തുകയും കഴിയുന്നത്ര തവണ ഈ പ്രശ്‌നം ഉന്നയിക്കുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ഫണ്ട് നേടുന്നതിൽ ബുദ്ധിമുട്ടുണ്ട്. നിരീക്ഷണം, സുരക്ഷയ്‌ക്കായുള്ള നടപടികൾ, വനം ഗാർഡ്‌മാർ, വാച്ചർമാർ ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണം എന്നിവയ്ക്ക് ഫണ്ട് നിർണായകമാണ്'- പ്രിയങ്ക കൂട്ടിച്ചേർത്തു.