തൃശൂർ : പുലിച്ചുവടുകളും പുലിത്താളവുമായി സ്വരാജ് റൗണ്ടിൽ ഇന്ന് പുലികളിറങ്ങും. വൈകിട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ് നടക്കുക. സീതാറാം മിൽ ദേശം, ശങ്കരൻ കുളങ്ങര ദേശം, കാനാട്ടുകര ദേശം, ചക്കാമുക്ക് ദേശം, പാട്ടുരായ്ക്കൽ ദേശം വിയ്യൂർ ദേശം, വിയ്യൂർ യുവജന സമാജം എന്നിങ്ങനെ ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുക.
പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ തുടങ്ങി എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി എത്തുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരമായി മാറും. വന്യ താളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗര വീഥികളിൽ നൃത്തം വയ്‌ക്കുന്നതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുങ്ങി നിവരും. പുലിക്കളിക്ക് അകമ്പടിയായി വാദ്യക്കാരും അണിനിരക്കുന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗാംഭീര്യമേറും.
പുലർച്ചെ ആറ് മണിയോടെ തന്നെ പുലിമടകളിൽ പുലിവര ആരംഭിച്ചു. പുലിക്കളി കലാകാരന്മാര്‍ നീണ്ട മണിക്കുറുകളാണ് ഒരേ നിൽപ്പിൽ നിന്നുകൊണ്ട് പുലിവരക്ക് കളമൊരുക്കുന്നത്. പണ്ടുകാലത്ത് കരിയും നീലവും മറ്റ് പ്രകൃതി ദത്ത നിറങ്ങളുമായിരുന്നു പുലിക്കളി കലാകാരന്മാരുടെ ദേഹത്ത് പൂശിയിരുന്നത്.
എന്നാൽ ഇന്ന് ഇനാമൽ പെയിന്‍റാണ് ആ സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ഗൊറില്ല പൗഡറിൽ ഇനാമൽ പെയിന്‍റും വാർണിഷും ചേർത്താണ് പെയിന്‍റ് തയ്യാറാക്കുകയെന്ന് വിയ്യൂർ പുലിവര ആർട്ടിസ്റ്റ് നിഖിൽ പറഞ്ഞു. പുലികളിയുടെ തലേദിവസങ്ങളിൽ തന്നെ പുലി മടകളിൽ പെയിന്‍റ് അരക്കൽ ആരംഭിക്കും.
അരകല്ലിൽ കുഴമ്പ് രൂപത്തിലുള്ള പെയിന്‍റ് അരച്ചെടുക്കുന്നത് ശ്രമകരമായ പ്രവർത്തിയാണ്. ശ്രദ്ധയോടെ ചെയ്‌തില്ലെങ്കിൽ പെയിന്‍റ് കട്ടയായി മാറും. ഇത് പിന്നീട് ഉപയോഗിക്കാനാകില്ല.
പെയിന്‍റിനൊപ്പം വാർണിഷ് ചേർക്കുന്നതോടെയാണ് പുലികളുടെ ദേഹത്തിന് തിളക്കം ലഭിക്കുകയെന്ന് ചക്കാമുക്ക് ദേശം പുലികളി സംഘാടകൻ ജിതിൻ പറഞ്ഞു. അതേസമയം ചില പുലികൾ ദേഹത്ത് വെളിച്ചെണ്ണ പുരട്ടിയാണ് പെയിന്‍റിങ്ങിന് വിധേയരാകുന്നത്. എന്നാൽ ഇത് പെയിന്‍റ് വേഗത്തിൽ ഉണങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി പുലിക്കളി കലാകാരൻ സെന്തിൽ പറഞ്ഞു.