പത്തനംതിട്ട :ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്‌സിങ്ങിലെ നാലാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിനി അമ്മുവിന്‍റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി.
അതേസമയം, അമ്മുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്‌എംഇ കോളജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. സഹപാഠികളായ വിദ്യാര്‍ഥിനികളും അമ്മുവുമായി ഉണ്ടായിരുന്ന പ്രശ്‌നത്തില്‍ പരാതി നല്‍കിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്‌നങ്ങളെല്ലാം തീര്‍ന്നിരുന്നുവെന്ന കോളജ് അധികാരികളുടെ നിലപാടും അമ്മുവിന്‍റെ കുടുംബം നിഷേധിച്ചു.
അമ്മുവിന്‍റെ സഹോദരൻ അഖിലിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണ വിധേയരായ പെണ്‍കുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്‍റെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ക്ലാസില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ഭിന്നത ആത്മഹത്യയിലേക്ക് അമ്മുവിനെ നയിച്ചു എന്നാണ് പൊലീസ് നിഗമനം.
ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്‌സിങ്ങിന്‍റെ അധികൃതരുടെ വാദത്തില്‍ പൊരുത്തക്കേടുണ്ടെന്നാണ് കുടുംബം പറയുന്നത്. സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും, അമ്മുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ലെന്നും അമ്മുവിന്‍റെ സഹോദരൻ അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു വന്നത് എന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണം തെറ്റാണ്. അമ്മയുടെ വീട് കോട്ടയത്താണ്. അതു കൊണ്ട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത് കൂടെയുണ്ടായിരുന്ന ആരോ തെറ്റിദ്ധരിപ്പിച്ചാണെന്നും, അത് ഒപ്പമുളളവരാകാമെന്നും, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാലതാമസം ഉണ്ടായെന്നും അഖിൽ ആരോപിച്ചു. മരണത്തില്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും ആരോഗ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും അഖില്‍ പറഞ്ഞു.
അമ്മു സജീവിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വനം ചെയ്‌തിട്ടുണ്ട്. ഇന്നലെ കെഎസ്‌യു ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
അമ്മു സജീവിന്‍റെ മരണത്തില്‍ കുറ്റക്കാരായ പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടും നേതാക്കള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചുമാണ് ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്‌തതെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകളും സംഘടിപ്പിക്കും. സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കെഎസ്‌യു തീരുമാനം.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
Read More: നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മുവിന്‍റെ മരണം; സഹപാഠികള്‍ കസ്റ്റഡിയില്‍, ആത്‌മഹത്യ പ്രേരണ കുറ്റം ചുമത്തും