ഇടുക്കി: പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇഎസ്ഐ) വീണ്ടും വിജ്ഞാപനം ചെയ്‌ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. 2014 ൽ ഒന്നാമത്തെ കരട് വിജ്ഞാപനം ഇറങ്ങിയശേഷം ഇത് ആറാം തവണയാണ് കരട് വിജ്ഞാപനം വീണ്ടുമിറക്കുന്നത്. ജില്ലയിൽ 51 വില്ലേജുകൾ ആണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
നേരത്തെ 47 ആയിരുന്നു. പിന്നീട് വില്ലേജുകളുടെ വിഭജനമുണ്ടായതിനാലാണ് ഇഎസ്ഐ വില്ലേജുകളുടെ എണ്ണം 51 ആയത്. കേരളത്തിൽ ആകെയുള്ള 131 വില്ലേജുകളിൽ 51 ഉം ഇടുക്കിയിലാണ്.
പശ്ചിമഘട്ട സംരക്ഷണ മാനദണ്ഡങ്ങളുടെ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുൻപ് ഇതേക്കുറിച്ച് പഠിക്കാൻ പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മൂന്ന് വിദഗ്‌ധസമിതിക്ക് മുന്നിൽ സംസ്ഥാന സർക്കാരും എംപിമാരും നിരവധി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇഎസ്ഐയുടെ ഭൂപരിധി വീണ്ടും കുറയ്ക്കണം എന്നായിരുന്നു പ്രധാന ആവശ്യം.
എന്നാൽ, കരട് വിജ്ഞാപനം അതേപടി പുതുക്കുക മാത്രമാണുണ്ടായത്. കരട് വിജ്ഞാപന കാലാവധി വീണ്ടും നീട്ടുന്നത് ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായതുപോലെ പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്കയുണ്ട്.
ഇഎസ്ഐ അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമേ ഓരോ മേഖലയിലുമുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ. അന്തിമ വിജ്ഞാപനം വൈകുന്നത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും എന്നതിനാൽ കേരളത്തിന് മാത്രം പ്രത്യേകം വിജ്ഞാപനം ഇറക്കി പ്രശ്‌നം പരിഹരിക്കണമെന്നാണ് വിദഗ്‌ധർ ആവശ്യപ്പെടുന്നത്.
ഭൂപതിവ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, സംരക്ഷിത വനങ്ങളുടെ ബഫർസോൺ വിഷയം, 13 പഞ്ചായത്തുകളിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിർമ്മാണ നിയന്ത്രണം എന്നിവ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഇഎഫ്എൽ (ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡ്) ആയി പ്രഖ്യാപിച്ച വിജ്ഞാപനം ഇറങ്ങിയ ഏഴ് വില്ലേജുകളിലെ സാധാരണക്കാർ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം.
വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയുടെ പോക്കുവരവ് നടത്താനോ കരം അടയ്ക്കാനോ കഴിഞ്ഞിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. വായ്‌പയ്ക്ക് അപേക്ഷിക്കുമ്പോൾ ഈട് വസ്‌തുവിൻ്റെ ഇഎഫ്എൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ചില ബാങ്കുകളും ഉണ്ട്.
ഇടുക്കി ജില്ലയിലെ ഇഎസ്ഐ വില്ലേജുകൾ
ഉടുമ്പൻചോല താലൂക്ക് - അണക്കര, ആനവിലാസം, ബൈസൺവാലി, ചക്കുപള്ളം, ചതുരംഗപ്പാറ, ചിന്നക്കനാൽ, ഇരട്ടയാർ, കൽകൂന്തൽ, കാന്തിപ്പാറ, കരുണാപുരം, പാമ്പാടുംപാറ, പാറത്തോട്, പൂപ്പാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ ഉടുമ്പൻചോല, വണ്ടൻമേട്.
ദേവികുളം താലൂക്ക് - ആനവിരട്ടി, കാന്തല്ലൂർ, കെഡിഎച്ച്, കീഴാന്തൂർ, കോട്ടക്കമ്പൂർ, ഇടമലക്കുടി, കുഞ്ചിത്തണ്ണി, മാങ്കുളം, മന്നാങ്കണ്ടം, മറയൂർ, മൂന്നാർ, പള്ളിവാസൽ, വട്ടവട, വെള്ളത്തൂവൽ.
ഇടുക്കി താലൂക്ക് - ഇടുക്കി, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, കഞ്ഞിക്കുഴി, കട്ടപ്പന, കൊന്നത്തടി, തങ്കമണി, ഉപ്പുതോട്, വാത്തിക്കുടി.
പീരുമേട് താലൂക്ക് - കൊക്കയാർ, കുമളി, മഞ്ചുമല, മ്ലാപ്പാറ, പീരുമേട്, പെരിയാർ, പെരുവന്താനം, ഉപ്പുതറ.
തൊടുപുഴ താലൂക്ക് - അറക്കുളം, ഉടുമ്പന്നൂർ.
Also Read:പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം: കേരളത്തിലെ 131 വില്ലേജുകൾ പട്ടികയിൽ, കരട് വിജ്ഞാപനം പുറത്തിറക്കി