കേരളം

kerala

ETV Bharat / state

ഒറ്റ ദിനത്തില്‍ 22 ലക്ഷം; കോഴിക്കോട് റെക്കോർഡ് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ് - MVD Charges Record Fine

കോഴിക്കോട് ജില്ലയില്‍ ട്രാഫിക്ക് നിയമ ലംഘനം നടത്തിയതിന് ഒരു ദിവസത്തില്‍ 1332 പേര്‍ക്കെതിരെ നടപടി.

MOTOR VEHICLES DEPARTMENT  22 LAKH FINED  KOZHIKODE  CHARGED RECORD FINE
റെക്കോർഡ് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്

By ETV Bharat Kerala Team

Published : Apr 6, 2024, 11:46 AM IST

കോഴിക്കോട് :കോഴിക്കോട് ജില്ലയില്‍ ഒറ്റ ദിവസം കൊണ്ട് ട്രാഫിക് നിയമലംഘനത്തിന് പിഴ ഇനത്തില്‍ ഈടാക്കിയത് 22.23 ലക്ഷം രൂപ. കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവന്‍റെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. നിയമം ലംഘിച്ച് വാഹനമോടിച്ച 1332 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു.

ഇതില്‍ ഏറിയ പങ്കും ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചവരാണ്. 680 പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ശിക്ഷ നല്‍കിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്ത 108 പേര്‍ക്കെതിരെയും അനധികൃത പാര്‍ക്കിങ് സംഭവത്തില്‍ 97 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

വാഹനങ്ങളില്‍ അമിത വെളിച്ചം ഘടിപ്പിച്ചതിന് 47 പേര്‍ക്ക് പിഴ ചുമത്തി. രൂപമാറ്റം വരുത്തിയ 45 വാഹനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്ത 40 പേരെ പിടികൂടി. അനധികൃത കൂളിങ് ഫിലിം വെച്ച 34 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വരും ദിവസങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവ് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓപ്പറേഷൻ ബൈക്ക് സ്‌റ്റണ്ട് ; 26 പേരുടെ ലൈസൻസ് റദ്ദാക്കും :തിരുവനന്തപുരത്ത് അപകടകരമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ നടപടി. പൊലീസും മോട്ടോർ വാഹനവകുപ്പും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ 26 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും നാലു പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യാനും തീരുമാനം. പരിശോധനയിൽ 32 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. 4,70,750 രൂപ പിഴയായും ഈടാക്കി.

ഇരുചക്രവാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ തടയുന്നതിന്‍റെ ഭാഗമായി 'ഓപ്പറേഷൻ ബൈക്ക് സ്‌റ്റണ്ട്' എന്ന പേരിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തിയിരുന്നു. വാഹനങ്ങൾ രൂപമാറ്റം വരുത്തി അമിതവേഗത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്യുന്നത് അധികൃതർ കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് ട്രാഫിക് ഐജിയുടെ കീഴിലുള്ള ട്രാഫിക് റോഡ് സേഫ്റ്റി സെൽ സാമൂഹ്യമാധ്യമങ്ങളിൽ പരിശോധന നടത്തിയാണ് കുറ്റവാളികളെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്‍റെ നിർദേശപ്രകാരം എഡിജിപി എം ആർ അജിത് കുമാർ, ഗതാഗത കമ്മിഷണറും എഡിജിപിയുമായ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ALSO READ : യാത്രക്കാര്‍ അന്നദാതാക്കള്‍, ജീവനക്കാര്‍ അന്തസായി പെരുമാറണം; സേവനം മെച്ചപ്പെടുത്താന്‍ കെഎസ്‌ആര്‍ടിസിക്ക് സിഎംഡിയുടെ നിര്‍ദേശം

ABOUT THE AUTHOR

...view details