തൃശൂർ :പാരാമെഡിക്കൽ കോഴ്‌സിന്‍റെ മറവിൽ തട്ടിപ്പെന്ന് പരാതി. തൃശൂർ കെഎസ്ആർടിസി സ്‌റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന മിനർവ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി (Police Registered Case Against Minerva). പഠിച്ചിറങ്ങിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സ്ഥാപനം തടഞ്ഞു വെച്ചതോടെ കൂട്ട പരാതിയുമായി വിദ്യാർത്ഥികൾ തൃശൂർ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥാപനത്തിനെതിരെ കേസെടുത്തു.
50,000 മുതല്‍ 6 ലക്ഷം വരെ ഫീസ് വാങ്ങിയായിരുന്നു മിനര്‍വ അക്കാദമി സ്‌കില്‍ ആൻഡ് പ്രൊഫണല്‍ സ്‌റ്റഡീസ് എന്നപേരിൽ വിവിധ പാരാമെഡിക്കൽ കോഴ്‌സ് നടത്തിയിരുന്നത്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സ്വകാര്യ ആശുപത്രികളില്‍ തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് മനസ്സിലാക്കിയതെന്ന് ഉദ്യോഗാർഥികള്‍ പറയുന്നു. ജോലി ലഭിക്കാതെ വന്നതോടെ പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് പഠിച്ചിറങ്ങിയ വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തി.
ഇതോടെ നിലവിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ സ്ഥാപനം പിടിച്ചുവച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്ഥാപനത്തിന്‍റെ അംഗീകാരം ചോദ്യം ചെയ്‌ത് വിദ്യാർഥികൾ രംഗത്തെത്തിയതോടെ പെരിന്തൽമണ്ണയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് അടച്ചുപൂട്ടി. ഇതിനു പിന്നാലെയാണ് ഇന്ന് (27-02-2024) രാവിലെ തൃശൂരിലെ ഓഫീസിൽ പ്രതിഷേധവുമായി വിദ്യാർഥികൾ സംഘടിച്ച് എത്തിയത്.
പൊലീസ് എത്തി സ്ഥാപനം പൂട്ടിയതോടെ വിദ്യാർത്ഥികൾ നേരെ തൃശൂർ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. സ്‌റ്റേഷനുമുന്നിൽ തമ്പടിച്ച വിദ്യാർഥികളുമായി പൊലീസ് ചർച്ച നടത്തി. ചർച്ചയില്‍ പൊലീസ് വിദ്യാർഥികളെ അനുനയിപ്പിച്ചു.
സ്ഥാപനത്തിനെതിരെ വിശ്വാസവഞ്ചനയ്‌ക്കും, ചീറ്റിങ്ങിനും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. കുട്ടികളുടെ കയ്യിൽ നിന്ന് ബോണ്ടായി വാങ്ങിവച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ് അടക്കം നാളെ മടക്കി നൽകാമെന്ന് പൊലീസ് ഉറപ്പു നൽകി. തുടർ നിയമനടപടികളുമായി മുന്നോട്ടു പോകാനും നിർദ്ദേശിച്ചു.