മിക്ക ആളുകളുടെയും ഇഷ്‌ട ഭക്ഷണങ്ങളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. ലോകത്തുടനീളം ഉപയോഗിക്കുന്ന അഞ്ച് പ്രധാന ഭക്ഷ്യവസ്‌തുക്കളിൽ ഒന്നാമതാണ് ഉരുളക്കിഴങ്ങിന്‍റെ സ്ഥാനം. കാലാവസ്ഥ സൗഹൃദ വിളയായതിനാൽ എപ്പോഴും വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. പോഷക സമൃദ്ധമായതിനാൽ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. എന്നാൽ ഭക്ഷണമായി മാത്രമല്ല മറ്റ് പല കാര്യങ്ങൾക്കും ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ദൈന്യംദിന ജീവിതത്തിൽ ഏതൊക്കെ തരത്തിൽ ഉരുളക്കിഴങ്ങ് ഉപകാരപ്പെടുമെന്ന് നോക്കാം.
പൊള്ളലേറ്റാൽ
പൊള്ളൽ ഭേദമാക്കാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. അതിനായി വേവിച്ച ഉരുളക്കിഴങ്ങ് നന്നായി ഉടച്ച ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങിന്‍റെ നീര് കൂടി ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുന്നത് വേദന ശമിപ്പിക്കാനും പ്രകോപനം കുറയ്ക്കാനും സഹായിക്കും.
ചർമ്മത്തിന്
ചർമ്മ പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇത് ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റി ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താനും തിളക്കമുള്ളതാക്കാനും സഹായിക്കും. പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാനും ഇത് ഗുണകരമാണ്. അതിനായി ഉരുളക്കിഴങ്ങിന്‍റെ നീര് ചർമ്മത്തിൽ പുരട്ടി അൽപ സമയത്തിന് ശേഷം കഴുകി കളയാം.
കറ കളയാൻ
പറ്റിപ്പിടിച്ചിരിക്കുന്ന കറ മായ്ക്കാൻ ഉരുളക്കിഴങ്ങ് സഹായിക്കും. കറി, വൈൻ എന്നിവയുടെ കറ കളയാൻ ഉരുളക്കിഴങ്ങ് ഉത്തമമാണ്. അതിനായി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് നന്നായി അരച്ച ഉരുളക്കിഴങ്ങ് ചേർക്കുക. കുറച്ച് സമയത്തിന് ശേഷം ഈ വെള്ളം അരിച്ചെടുത്ത് കറയുള്ള ഭാഗങ്ങളിൽ പുരട്ടുക. കറ പോകുന്നത് വരെ ഒരു സ്‌പോഞ്ചോ തുണിയോ ഉപയോഗിച്ച് ഈ വെള്ളം അപ്ലൈ ചെയ്‌ത് കൊടുക്കുക.
തുരുമ്പ് കളയാൻ
പത്രങ്ങളിൽ കാണപ്പെടുന്ന തുരുമ്പ് ഇല്ലാതാക്കാൻ ഉരുളക്കിഴങ്ങ് സഹായിക്കും. അതിനായി ഉപ്പ്, ഡിറ്റർജൻ്റ്, ബേക്കിംഗ് സോഡ എന്നിവ മിക്‌സ് ചെയ്‌ത് രണ്ടായി മുറിച്ച ഉരുളക്കിഴങ്ങിൽ പുരട്ടി തുരുമ്പുള്ള ഭാഗങ്ങളിൽ സ്ക്രബ്ബ് ചെയ്യുക. രണ്ട് മൂന്ന് മിനുട്ട് നേരം സ്ക്രബ്ബ് ചെയ്യണം. ശേഷം കഴുകി വൃത്തിയാക്കുക.
കുപ്പി ഗ്ലാസ് വൃത്തിയാകാൻ
കുപ്പി ഗ്ലാസ് വൃത്തിയാകാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഒരു കഷ്‌ണം ഉരുളക്കിഴങ്ങെടുത്ത് ഗ്ലാസിന് ചുറ്റും സ്ക്രബ്ബ് ചെയ്യുക. ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതിലൂടെ കുപ്പി ഗ്ലാസിലെ അഴുക്ക് വേഗത്തിൽ നീക്കം ചെയ്യാൻ സാധിക്കും.
ഷൂസ് വൃത്തിയാക്കാൻ
ഷൂസിലെ അഴുക്ക് നീക്കം ചെയ്യാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ഒരു കഷ്‌ണം ഉരുളക്കിഴങ്ങ് എടുത്ത് ഷൂസിന് ചുറ്റും നല്ലപോലെ സ്ക്രബ്ബ് ചെയ്യുക. ഷൂസിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി, അഴുക്ക് എന്നവ നീക്കം ചെയ്യാൻ വളരെ ഈസിയായ ഒരു മാർഗമാണിത്.
ചെടികളുടെ വളർച്ചയ്ക്ക്
ഉരുളക്കിഴങ്ങിന്‍റെ തൊലി വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം ഇത് ചെടികൾക്ക് വളമായി ഉപയോഗിക്കാം. ചെടികൾ വേഗത്തിൽ തഴച്ച് വളരാൻ ഇത് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണോ? അറിയാം ഗുണളും ദോഷങ്ങളും