ചണ്ഡീഗഡ്: ജലന്ധറിൽ നടന്ന വെടിവയ്‌പ്പിനെ തുടർന്ന് ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റതായി പഞ്ചാബ് പൊലീസ് അറിയിച്ചു. കൊള്ളയടിക്കൽ, കൊലപാതകം, ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിക്കാണ് പരിക്കേറ്റത്. ജലന്ധർ കമ്മിഷണറേറ്റ് പൊലീസിന്‍റെ ഒരു സംഘം ഇയാളെയും മറ്റൊരു കൂട്ടാളിയെയും ഇവർ ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി നംഗൽ കർഖാൻ ഗ്രാമത്തിലേക്ക് കൊണ്ട് പോകവെയാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതികളിൽ നിന്ന് മൂന്ന് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. തെളിവെടുപ്പിന്‍റെ സമയത്ത് പ്രതികൾ ടീമിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 'ബിഷ്‌ണോയി സംഘത്തിലെ രണ്ട് കൂട്ടാളികൾ തെളിവെടുപ്പ് സമയത്ത് പൊലീസ് സംഘത്തിന് നേരെ നിരവധി റൗണ്ട് വെടിയുതിർക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്‌തു,
എന്നാൽ അവരെ വീണ്ടും അറസ്‌റ്റ് ചെയ്‌തു. ആക്രമണത്തിൽ പ്രതികളിൽ ഒരാളുടെ കാലിന് വെടിയേറ്റു. അയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്' എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികൾ രണ്ടുപേരും വളരെ കാലമായി ബിഷ്‌ണോയ് സംഘത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ്. ഇവർക്കെതിരെ കൊള്ളയടിക്കൽ, ആയുധനിയമം, എൻഡിപിഎസ് ആക്‌ട് എന്നിവയുൾപ്പെടെ ഒന്നിലധികം കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.
'ഞങ്ങൾ അവരുടെ കൈവശം നിന്ന് മൂന്ന് ആയുധങ്ങളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തു. ഇവർക്കെതിരെ കേസും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങളും ബന്ധങ്ങളും ഞങ്ങൾ അന്വേഷിക്കുകയാണ്' എന്ന് പൊലീസ് കൂട്ടിച്ചേർത്തു.
അമൃത്സറിൽ ഏറ്റുമുട്ടൽ: അമൃത്സറിൽ പൊലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരു പ്രതിക്ക് പരിക്കേറ്റു. പ്രതിയായ സൂരജ് മാണ്ഡിക്കാണ് പരിക്കേറ്റത്. വെർക്ക ബൈപാസിലെ ദാരാ ഹോട്ടലിന് സമീപമാണ് സംഭവം.
നിരവധി കേസുകളിൽ പ്രതിയാണ് പരിക്കേറ്റ സൂരജ് മാണ്ഡി. നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സൂരജ്, പൊലീസിൻ്റെ ആയുധം തട്ടിയെടുക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് സൂരജും കൂട്ടാളികളും പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പ്പിൽ കാലിന് വെടിയേറ്റ സൂരജിനെ ഉടൻ കസ്‌റ്റഡിയിലെടുത്തു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
എൻആർഐ കുടുംബങ്ങളിൽ നിന്ന് പണം തട്ടിയ കേസുകൾ ഉൾപ്പെടെ രണ്ട് എഫ്ഐആറുകൾ സൂരജിനെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായി പൊലീസ് കമ്മീഷണർ ഗുർപ്രീത് സിങ് ഭുള്ളർ പറഞ്ഞു. അതേസമയം, പരിക്കേറ്റ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന കൂട്ടാളിയെ പിടികൂടാൻ റെയ്‌ഡ് നടത്തുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Also Read: രാമക്ഷേത്രം തകര്‍ക്കുമെന്ന് വീണ്ടും ഭീഷണി; ഖലിസ്ഥാന്‍ ഭീഷണിയെത്തുടര്‍ന്ന് സുരക്ഷ കൂട്ടി യുപി പോലീസ്