ന്യൂഡല്‍ഹി: സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന റെയിൽവേ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേന്ദ്രം 2,100 കോടി രൂപ നൽകിയിട്ടും 470 ഹെക്‌ടറിൽ 64 ഹെക്‌ടര്‍ മാത്രമാണ് കേരള സർക്കാരിന് ഏറ്റെടുക്കാനായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്കമാലി-ശബരിമല പുതിയ റെയിൽവേ ലൈൻ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനായി കേന്ദ്രം 282 കോടി രൂപ കേരള സർക്കാരിന് നല്‍കി.
പദ്ധതിക്ക് 416 ഹെക്‌ടര്‍ ഭൂമി ആവശ്യമുണ്ട്, എന്നാല്‍ സംസ്ഥാന സർക്കാർ ഏറ്റെടുത്തത് 24 ഹെക്‌ടര്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പദ്ധതിക്ക് മാത്രം ആവശ്യമായ 40 ഹെക്‌ടറിൽ 33ഉം റെയിൽവേ അനുവദിച്ച 1,312 കോടി രൂപ ഉപയോഗിച്ചാണ് ഏറ്റെടുത്തത്. 'ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉചിതമായ നിർദേശങ്ങൾ നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അതുവഴി മേൽപ്പറഞ്ഞ പദ്ധതികളുടെ നടത്തിപ്പ് ഏറ്റെടുക്കാൻ കഴിയും,' എന്ന് മുഖ്യമന്ത്രിക്ക് വൈഷ്ണവ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ, 12,350 കോടി രൂപയുടെ റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കേരളത്തിൽ പുരോഗമിക്കുകയാണ്. എക്കാലത്തെയും ഉയർന്ന ബജറ്റ് വിഹിതമായ 3,011 കോടി രൂപ 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം, പാത ഇരട്ടിപ്പിക്കൽ പദ്ധതികളും അങ്കമാലി-ശബരിമല പദ്ധതിയും വേഗത്തിലാക്കാൻ ഒക്‌ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു. എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കൽ, കുമ്പളം-തുറവൂർ പാത ഇരട്ടിപ്പിക്കൽ എന്നിവയാണ് ഭൂമി ഏറ്റെടുക്കലിന് ശേഷിക്കുന്ന മറ്റ് പദ്ധതികള്‍.
കേരളത്തിലെ 32 സ്റ്റേഷനുകള്‍ പൂര്‍ണമായും പുതുക്കിപ്പണിയുകയാണെന്ന് കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആലുവ മുതല്‍ കോഴിക്കോട് വരേയുള്ള റെയില്‍വേ വികസന പദ്ധതികള്‍ ട്രെയിനില്‍ സഞ്ചരിച്ച് അദ്ദേഹം നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. മംഗളൂരു-ഷൊര്‍ണൂര്‍ വരെയുള്ള മൂന്നും നാലും പാതകളും ഷൊര്‍ണൂരില്‍ നിന്ന് - എറണാകുളം - കോട്ടയം - തിരുവന്തപുരം വഴി കന്യാകുമാരി വരെയുള്ള മൂന്നാമത്തെയും പാത നിര്‍മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.