പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ നടത്തുകയും വേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുളള ലഘു വ്യായാമങ്ങള്‍ ചെയ്യണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുതെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ആസ്‌ത്മ തുടങ്ങിയ ദീര്‍ഘകാല രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവര്‍ മലകയറുന്നതിനു മുന്‍പ് ചികിത്സിക്കുന്ന ഡോക്‌ടറുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. ഹൃദ്രോഗത്തെക്കുറിച്ച് സംശയമുളളവരും, കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദ്രോഗം ഉളളവരും മലകയറുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഹൃദയ പരിശോധന നടത്തണമെന്നും ഡോക്‌ടർ മുന്നറിയിപ്പു നല്‍കി.
ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
- മല കയറാന്‍ ബുദ്ധിമുട്ട് ഉളളവര്‍ നീലിമല ഒഴിവാക്കി സ്വാമി അയ്യപ്പന്‍ റോഡ് ഉപയോഗിക്കുക.
- സാവധാനം മല കയറുക, ഇടയ്ക്കിടക്ക് വിശ്രമിക്കുക.
- വയറുനിറച്ച് ആഹാരം കഴിച്ച ഉടനെ മലകയറരുത്.
- മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടായാല്‍ മലകയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
- അടിയന്തിര വൈദ്യസഹായത്തിനായി 04735203232 എന്ന നമ്പരിലേക്ക് വിളിക്കാം.
- ഹൃദ്രോഗ പരിശോധനയും ചികിത്സയും പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളില്‍ ലഭ്യമാണ്.
- മല കയറുന്നതിനിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ശരണപാതയോരത്ത് പ്രവര്‍ത്തിക്കുന്ന അടിയന്തിര വൈദ്യസാഹയ കേന്ദ്രങ്ങളില്‍ (ഇഎംസി) നിന്നും വൈദ്യസഹായം ലഭിക്കും.
- മല കയറുന്നതിനായി പോകുമ്പോള്‍ നിലവിലുളള അസുഖങ്ങളെ സംബന്ധിച്ച ആശുപത്രി രേഖകളും, മരുന്നുകളുടെ കുറിപ്പും ആരോഗ്യ ഇന്‍ഷുറന്‍സ് രേഖകളും കയ്യില്‍ കരുതുക.
Also Read:
- വെര്‍ച്വല്‍ ക്യൂവിനോടൊപ്പം കെഎസ്ആര്‍ടിസി ടിക്കറ്റും നല്‍കും; ശബരിമല തീർഥാടനത്തിന് പുതിയ പദ്ധതികളുമായി കെ ബി ഗണേഷ് കുമാര്‍
- ഇരുമുടിക്കെട്ടില്‍ കർപ്പൂരവും ചന്ദനത്തിരിയും വേണ്ട; മാർഗനിർദ്ദേശങ്ങളുമായി ദേവസ്വം ബോർഡ്
- ശബരിമല സ്പോട്ട് ബുക്കിങ് സൗകര്യം മൂന്നിടത്ത്; ഭക്‌തർക്ക് ക്യൂആർ കോഡുള്ള പാസ് നല്‍കും