തൃശൂരിൽ എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ (ETV Bharat) തൃശൂർ : തൃശൂരിൽ പൊലീസിന്‍റെ വൻ ലഹരി വേട്ട. 330 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ടൗൺ വെസ്റ്റ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. തൃശൂർ പുഴക്കലിൽ ഇന്നലെ വൈകിട്ട് ആയിരുന്നു ലഹരി വേട്ട നടന്നത്. കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവരാണ് പിടിയിലായത്. ഇവർ എംഡിഎംഎ കാറിൽ കടത്തുകയായിരുന്നു.
പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ 10 ലക്ഷം രൂപയോളം വില വരും. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ബാംഗ്ലൂരിൽ നിന്നാണ് ഇരുവരും മയക്കുമരുന്ന് വാങ്ങിയത്. ചാവക്കാട്, ഗുരുവായൂർ തുടങ്ങി തൃശൂരിന്‍റെ തീരദേശ മേഖലകളിൽ വിൽപ്പനയ്ക്കായി കൊണ്ടുവരുമ്പോഴാണ് രണ്ട് പേരും പൊലീസ് പിടിയിലായത്.
പ്രതികളിൽ കാസർഗോഡ് സ്വദേശി നജീബിന് മലേഷ്യയിൽ ഹോട്ടൽ ബിസിനസ് ആയിരുന്നു. ഇതിൽ നഷ്‌ടം വന്നതോടെയാണ് ലഹരി കച്ചവടത്തിലേക്ക് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും, ബാംഗ്ലൂരിൽ എവിടെ നിന്നുമാണ് മയക്കുമരുന്ന് ലഭിച്ചത് എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഘത്തിൽ ഇനിയും കൂടുതൽ പേർ പിടിയിൽ ആകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. സമീപകാലത്ത് തൃശൂർ സിറ്റി പൊലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ കുതിരാനിലും, ആളൂരിലും, കൊരട്ടിയിലും എംഡിഎംഎ പിടികൂടിയിരുന്നു.
Also Read : മയക്കുമരുന്ന് നിര്‍മ്മാണം; കേരളത്തിലെമ്പാടും വില്‍പന: വിദേശിയായ 'ക്യാപ്‌റ്റനെ' അതിർത്തി കടന്ന് പൊക്കി കേരള പൊലീസ് - RENGARA PAUL ARRESTED