കൊച്ചി: മലയാള സിനിമമേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ചലച്ചിത്രതാരം മമ്മൂട്ടി. ഇതാദ്യമായാണ് മമ്മൂട്ടി വിഷയത്തില്‍ പ്രതികരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.
രഞ്ജിത്ത്, സിദ്ദിഖ്, ജയസൂര്യ തുടങ്ങിയ പ്രമുഖന്മാർക്ക് നേരെ സംഭവിച്ച ലൈംഗിക ആരോപണങ്ങൾ താരസംഘടനയായ അമ്മയുടെ ഭരണസമിതിയുടെ രാജിയിൽ വരെ കലാശിച്ചിരുന്നു. മലയാള സിനിമ ഭരിക്കുന്നത് പവർ ഗ്രൂപ്പ് ആണെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വസ്‌തുത മോഹൻലാൽ കഴിഞ്ഞദിവസം അപ്പാടെ തള്ളിക്കളഞ്ഞിരുന്നു. താനൊരുതരത്തിലുമുള്ള പവർ ഗ്രൂപ്പിന്‍റെ ഭാഗമല്ല എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.
ഒടുവിൽ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ മമ്മൂട്ടിയും പ്രസ്‌തുത വിഷയത്തിലുള്ള തന്‍റെ അഭിപ്രായം രേഖപ്പെടുത്തി. സംഘടനയുടെ പ്രതികരണത്തിന് ശേഷമാകാമെന്ന നിലപാട് കൊണ്ടാണ് പ്രതികരണം വൈകിയത് എന്ന ആമുഖത്തോടെയാണ് മമ്മൂട്ടിയുടെ പ്രതികരണക്കുറിപ്പ് ആരംഭിക്കുന്നത്. സമൂഹത്തിന്‍റെ പരിച്ഛേദമായ സിനിമയില്‍ അനഭലഷണീമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്‌ത മമ്മൂട്ടി സിനിമയില്‍ പവര്‍ ഗ്രൂപ്പില്ലെന്നും കുറിപ്പില്‍ പറയുന്നു.
മമ്മൂട്ടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം........
മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്.