എംഎ ബേബി പ്രതികരിക്കുന്നു തിരുവനന്തപുരം : അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിലൂടെ മോദി സര്‍ക്കാര്‍ പ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കടന്നുവെന്ന് എം എ ബേബി. എകെജി ദിനാചരണത്തിന്‍റെ ഭാഗമായി സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടത്തിയ പതാകയുയര്‍ത്തല്‍ ചടങ്ങിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കെജ്‌രിവാളിന്‍റെ അറസ്‌റ്റില്‍ പ്രതിഫലിക്കുന്ന സ്വേച്‌ഛാധിപത്യ ഭീകരപ്രവര്‍ത്തന ശൈലിയാണെന്ന് എം എ ബേബി പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ പോക്കിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് വിശേഷിപ്പിച്ച് പോന്നിരുന്നത്. കെജ്‌രിവാളിന്‍റെ അറസ്‌റ്റിലൂടെ ഇത് പ്രഖ്യാപിത അടിയന്തരാവസ്ഥയക്ക് സമാനമായെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയെ പെണ്‍ഹിറ്റ്‌ലര്‍ എന്നായിരുന്നു എകെജി വിശേഷിപ്പിച്ചത്. മോദിയെ ഇന്ത്യന്‍ ഹിറ്റ്‌ലര്‍ എന്ന് വിശേഷിപ്പിക്കാനാകും. ഡല്‍ഹിയില്‍ ആം ആദ്‌മി സര്‍ക്കാര്‍ 2021 നവംബറില്‍ അവരുടെ മദ്യ നയം പുതുക്കുകയുണ്ടായി. അത് പ്രകാരം സ്വകാര്യ സംരംഭകര്‍ക്ക് മദ്യ മേഖലയില്‍ സ്വാതന്ത്ര്യം നൽകി. പല മേഖലകളുടെയും സ്വകാര്യവത്കരണ നയം ബിജെപി യും കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ളതാണെന്നും എം എ ബേബി സൂചിപ്പിച്ചു. 2021 നവംബറില്‍ മദ്യനയത്തില്‍ ആം ആദ്‌മി പാര്‍ട്ടി ഇതേ നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളെ തുടര്‍ന്ന് 2022 ജൂലൈയില്‍ ആ നയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്‌തിരുന്നു. 7-8 മാസം നീണ്ട് നിന്നിരുന്ന നയം മാത്രമാണിത്. നരേന്ദ്ര മോദിയുടെ സേവകരായി നിൽക്കുന്നവര്‍ക്ക് എന്ത് അഴിമതിയും കാണിക്കാവുന്ന നിലയാണ് ഇപ്പോഴെന്നും എം എ ബേബി വ്യക്തമാക്കി.
ഡല്‍ഹി മദ്യ നയത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതിന് ഇനിയും തെളിവുകള്‍ വരേണ്ടതുണ്ട്. അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റിലൂടെ നഗ്നമായ സ്വേച്‌ഛാധിപത്യ ഭീകര ഭരണത്തിലേക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ കടന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാതലത്തില്‍ തോല്‍വി ഭയം കാരണമാണ് മോദി ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്താമെന്ന പൊതുസമീപനം മാത്രമല്ല കെജ്‌രിവാളിന്‍റെ അറസ്‌റ്റിന് കാരണം. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള ഭരണ സംവിധാനങ്ങളെ ഭയപ്പെടുത്താനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും എം എ ബേബി പറഞ്ഞു. സിസോദിയയുടെ അറസ്‌റ്റിന്‍റെ പശ്ചാതലത്തില്‍ കെജരിവാളിനെയും അറസ്‌റ്റ് ചെയ്യണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തങ്ങള്‍ക്ക് ഇഷ്‌ടപ്പെടാത്തവരെ അറസ്‌റ്റ് ചെയ്യുന്നത് ന്യായീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കെജരിവാളിന്‍റെ അറസ്‌റ്റ് മോദി സര്‍ക്കാരിന്‍റെ അന്ത്യത്തിന്‍റെ തുടക്കമാണ്. എന്തും ചെയ്യാന്‍ വഴിയില്ലാത്ത ക്രിമിനല്‍ ബുദ്ധിമാന്മാരാണ് മോദി സര്‍ക്കാരിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. എന്ത് തെളിവും ഇതിനായി അവര്‍ കെട്ടിച്ചമയ്ക്കുമെന്നും എം എ ബേബി പറഞ്ഞു.