തിരുവനന്തപുരം : റായ്ബറേലിയില്‍ വമ്പന്‍ ജയം നേടിയ പശ്ചാത്തലത്തില്‍ വയനാട് സീറ്റ് രാഹുല്‍ഗാന്ധി ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹം ശക്തം. ഉത്തര്‍ പ്രദേശില്‍, അഖിലേഷ് യാദവുമായി ചേര്‍ന്നുള്ള ഇന്ത്യാസഖ്യം അപ്രതീക്ഷിത മുന്നേറ്റം കാഴ്‌ചവയ്ക്കുക കൂടി ചെയ്‌ത പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാകും രാഹുല്‍ഗാന്ധിയെന്നാണ് സൂചന. മാത്രമല്ല, രാഹുല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ തെരഞ്ഞെടുത്ത വയനാട് സ്ഥിരം പ്രവര്‍ത്തന മണ്ഡലമാക്കുന്നതിനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ചില വിയോജിപ്പുകളുണ്ട്.
രാഹുല്‍ വയനാട് ഒഴിഞ്ഞേക്കുമെന്ന സൂചനകള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ദേശീയ നേതൃത്വം നല്‍കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം വയനാട്ടിലും ഉപ തെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിയുകയാണ്. ഇതോടെ വയനാട്ടില്‍ രാഹുലിന്‍റെ പിന്‍ഗാമിയാരെന്ന ചര്‍ച്ചകളും ഉയര്‍ന്നു.
വയനാട്ടില്‍ രാഹുല്‍ ഇല്ലെങ്കില്‍ പകരം പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആഗ്രഹമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കണമെന്ന ആവശ്യമാണ് യുപി കോണ്‍ഗ്രസ് ഘടകം മുന്നോട്ടുവച്ചതെങ്കിലും, മത്സരിക്കാനല്ല കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങാനാണ് താത്പര്യമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കോണ്‍ഗ്രസിനുവേണ്ടി രാജ്യമാകെ ഓടി നടക്കുന്ന പ്രിയങ്കയെ വയനാട്ടിലൂടെ പാര്‍ലമെന്‍ററി രംഗത്തെത്തിക്കുന്ന കാര്യം കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്. മാത്രമല്ല, മൂന്നാം മോദി സര്‍ക്കാരിന്‍റെ കാലത്ത് ഒരു ഔദ്യോഗിക പദവിയില്ലാതെ ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പ്രിയങ്കയെ സംബന്ധിച്ച് പ്രയാസകരമായിരിക്കും. ഈ സാഹചര്യത്തില്‍ ഒരു സുരക്ഷിത മണ്ഡലം എന്ന നിലയില്‍ അനായാസം ലോക് സഭയിലെത്താന്‍ സാധിക്കുമെന്ന് മാത്രമല്ല, രാഹുല്‍ പെട്ടെന്ന് വയനാട് ഉപേക്ഷിക്കുന്നത് മൂലമുള്ള ജനരോഷത്തില്‍ നിന്ന് രക്ഷ നേടാനും പ്രിയങ്കയുടെ സാന്നിധ്യം സഹായകമാകുമെന്ന വിലയിരുത്തലുമുണ്ട്.
രാഹുലിന് ബിജെപി സര്‍ക്കാരില്‍ നിന്ന് തിരിച്ചടി നേരിട്ടപ്പോള്‍ വയനാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായാണ് അദ്ദേഹത്തിന് പിന്നില്‍ അണിനിരന്നത് എന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു. എന്തൊക്കെയായാലും രാഹുലിന് പകരക്കാരിയാകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം പ്രിയങ്കയുടേതും ഗാന്ധി കുടുംബത്തിന്‍റേതുമായിരിക്കും.
അതിനിടെ തൃശൂരില്‍ ബിജെപി അക്കൗണ്ട് പൂട്ടിക്കാനിറങ്ങി മൂന്നാം സ്ഥാനത്തായ കെ മുരളീധരന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട് നല്‍കി മാന്യമായ ഒരംഗീകാരം പാര്‍ട്ടിയില്‍ നല്‍കണമെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. മുരളീധരന്‍റെ തൃശൂരിലെ മത്സരം വ്യക്തിപരമായി അദ്ദേഹത്തിനും രാഷ്ട്രീയമായി കോണ്‍ഗ്രസിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മറ്റ് മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് സഥാനാര്‍ഥികള്‍ വന്‍ തോതില്‍ സമാഹരിക്കുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നൊരു പൊതു വിലയിരുത്തലും പാര്‍ട്ടിയിലുണ്ട്.
ബിജെപിയോട് നേരിട്ടേറ്റുമുട്ടി മുരളി രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അതിന്‍റെ ഗുണഭോക്താക്കളായത് യുഡിഎഫിന്‍റെ മറ്റ് 18 പേരുമാണ്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നുള്ള മുരളിയുടെ അപ്രതീക്ഷിത പ്രഖ്യാപനമാകട്ടെ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുകയും ചെയ്‌തു. അതേസമയം രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി, വയനാട്ടിലോ മലപ്പുറത്തോ കോഴിക്കോട്ടോ നിന്നുള്ള പ്രാദേശിക നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.
ALSO READ:' ദേഷ്യത്തിനും വെറുപ്പിനും പരാജയപ്പെടുത്താനായില്ല': രാഹുലിനെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി