തിരുവനന്തപുരം :കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറിന്‍റെ ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് പുനലൂർ യൂണിറ്റിലെ അസിസ്‌റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ കെപി ഷിബുവിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്‌തു. എല്ലാ ശനിയാഴ്‌ച പ്രവൃത്തി ദിവസങ്ങളിലും 'സ്‌മാർട്ട് സാറ്റർഡേ' ആചരിക്കുന്നതിനും ഈ ദിവസം ഉച്ചയ്ക്ക് ശേഷം ജീവനക്കാർ അവരവരുടെ വിഭാഗങ്ങളിലെ ഫയലുകൾ, മറ്റ് ഓഫീസ് ഉപകരണങ്ങൾ, ഓഫീസും പരിസരവും വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുന്നതിനും നിർദേശം നൽകിയിരുന്നു.
ഈ ഉത്തരവുകൾ ലംഘിക്കപ്പെട്ടതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർവീസ് ഓപ്പറേഷനിലും യൂണിറ്റ് അധികാരിയുടെ മേൽനോട്ട പിഴവ് ഉള്ളതായി വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. കെഎസ്ആർടിസിയുടെ പുരോഗതി ലക്ഷ്യമിട്ട് കൊണ്ട് എംഡി പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ പലതും ഒരു വിഭാഗം ജീവനക്കാരും ഉദ്യോഗസ്ഥരും ഗൗരവപരമായി കൈകാര്യം ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ല.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടന്ന പരിശോധനയിലാണ് പുനലൂർ യൂണിറ്റിലെ ഗൗരവകരമായ വിഷയം അന്വേഷണത്തിൽ കണ്ടെത്തിയതും നടപടി സ്വീകരിച്ചതും. വരും ദിവസങ്ങളിലും കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി യൂണിറ്റുകളിലും ഇത്തരത്തിൽ പരിശോധനകൾ തുടരുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.