ഇടുക്കി:വാഗമണ്ണിൽ അരലക്ഷം രൂപ വൈദ്യുതി ബിൽ ലഭിച്ച വട്ടപ്പതാൽ കുരുവിള വീട്ടിൽ അന്നമ്മയുടെ ഒറ്റമുറി വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. ഇവർക്ക് അമിത വൈദ്യുത ബിൽ കിട്ടിയതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്‌ഛേദിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം ആദ്യ ഗഡു പണം അടച്ചതോടെയാണ് കെഎസ്‌ഇബി വൈദ്യുതി പുനഃസ്ഥാപിച്ചത്.
വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന അന്നമ്മക്ക് 49,170 രൂപയുടെ ബില്ലാണ് കിട്ടിയത്. പഞ്ചായത്ത് അംഗം മായാ സുജി ആദ്യ ഗഡുവായ 1584 രൂപ അടച്ചതോടെയാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. ഇതിൽ 584 രൂപ കഴിഞ്ഞ രണ്ടു മാസത്തെ ബില്ലാണ്. ഭീമമായ വൈദ്യുതി ബിൽ ലഭിച്ചതോടെ അന്നമ്മ പരാതിയുമായി കെഎസ്‌ഇബി പീരുമേട് സെക്ഷൻ ഓഫീസിൽ എത്തി പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
മാത്രമല്ല ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അന്നമ്മ പരാതിപ്പെട്ടിരുന്നു. പരാതി കെഎസ്‌ഇബി കൺസ്യുമർ ഗ്രീവൻസ് ഫോറത്തിന്‍റെ പരിഗണനയിലാണ്. ബാക്കി തുക അടയ്‌ക്കേണ്ടതടക്കമുള്ള കാര്യങ്ങൾ ഫോറമാണ് തീരുമാനിക്കേണ്ടത്.