കോട്ടയം:മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുന്നതിനു വേണ്ടി പാർലമെൻ്റില്‍ സമ്മർദ്ദം ചെലുത്തുമെന്ന് കോട്ടയം എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് ജോർജ്.കേരളത്തിൻ്റെ സുരക്ഷയാണ് പ്രധാനം. തമിഴ്‌നാടിന് വേണ്ടത് വെള്ളമാണ്. അതിനപ്പുറം അവർക്ക് എന്താണ് പ്രശ്‌നം എന്നും അദ്ദേഹം ചോദിച്ചു. പുതിയ ഡാം എന്ന ആവശ്യം എത്രയോ വട്ടം പാർലമെൻ്റിൽ ഉന്നയിച്ചതാണ്. പക്ഷേ തമിഴ്‌നാട് സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
റൂർക്കി ഐഐടിയും ഡല്‍ഹി ഐഐടിയും പഠനം നടത്തി പറഞ്ഞത് കോടതി കാര്യമായി എടുത്തില്ല എന്നത് നിർഭാഗ്യകരമെന്നും അദ്ദേഹം ചൂണ്ടികാട്ടി. പുതിയ ഡാമിൻ്റെ ചെലവ് വഹിക്കേണ്ടത് തമിഴ്‌നാടാണ്. അവർ അതിന് തയാറായില്ലെങ്കിൽ കേരളം മുൻകൈയെടുക്കണം. തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന രീതിയിൽ കാര്യങ്ങൾ പോകണമെന്നും നിയുക്ത എംപി പറഞ്ഞു.