മലയാള സിനിമ പ്രേമികള്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമാണ് 'L2: എമ്പുരാന്‍'. മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം റിലീസിനോടടുക്കുകയാണ്. റിലീസിന് മുന്നോടിയായി സിനിമയിലെ അഭിനേതാക്കളെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.
'എമ്പുരാനി'ലെ 36 അഭിനേതാക്കളെ വരും 18 ദിവസങ്ങളിലായാകും പരിചയപ്പെടുത്തുക. അഭിനേതാക്കളെ പരിചയപ്പെടുത്തുക മാത്രമല്ല, അവരുടെ കഥാപാത്രങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചതിന്‍റെ അനുഭവങ്ങളും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്‌ക്കും. വരും ദിവസങ്ങളില്‍ രാവിലെ 10 മണിക്കും വൈകിട്ട് ആറ് മണിക്കുമായാണ് അപ്‌ഡേറ്റുകള്‍ പുറത്തുവിടുക.
Character No: 36.
— Mohanlal (@Mohanlal) February 9, 2025
Presenting Jais Jose as Xavier in #L2E #Empuraan https://t.co/MbF9kcrlLp
Malayalam | Tamil | Telugu | Kannada | Hindi@PrithviOfficial #muraligopy @antonypbvr @aashirvadcine @Subaskaran_A @LycaProductions @gkmtamilkumaran @prithvirajprod #SureshBalaje… pic.twitter.com/IDXZO5hKw3
ആദ്യ ദിനത്തില്‍ ജെയ്‌സ് ജോസാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരിക്കുകന്നത്. ചിത്രത്തിലെ ആദ്യ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'എമ്പുരാനി'ലെ 36-ാമനാണ് ജെയ്‌സ് ജോസ്. സിനിമയില്‍ സേവ്യര്‍ എന്ന കഥാപാത്രത്തെയാണ് ജെയ്‌സ് അവതരിപ്പിക്കുന്നത്. 'എമ്പുരാനി'ലുടനീളമുള്ള വിശേഷങ്ങളും ജെയ്‌സ് പങ്കുവയ്‌ക്കുന്നുണ്ട്.
ജെയ്‌സ് ജോസിന്‍റെ വാക്കുകളിലേക്ക്-
"നമസ്‌കാരം, ഞാന്‍ ജെയ്‌സ് ജോസ്. വളരെ സന്തോഷമുള്ള മുഹൂര്‍ത്തത്തിലാണ് ഞാനിവിടെ ഇരിക്കുന്നത്. കാരണം, ലൂസിഫറിന് ശേഷം എമ്പുരാനിലും എനിക്ക് ആ സിനിമയുടെ ഒരു ഭാഗമാകാന്‍ കഴിഞ്ഞു. ഏകദേശം 35-ഓളം സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് ഞാന്‍ ലൂസിഫറില്‍ അഭിനയിക്കുന്നത്.
പക്ഷേ ലൂസിഫറില്‍ ലാലേട്ടന്‍റെ കൂടെയുള്ള എന്‍ട്രി, ഞാനും ഷാജോണും ലാലേട്ടന്‍റെ വലതും ഇടതുമായി വരുമ്പോള്‍ അന്നത് ട്രെയിലറിലും പോസ്‌റ്ററുകളിലും നിറഞ്ഞ് വന്നതോടു കൂടി എന്‍റെ ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ച പോലെ ജനങ്ങള്‍ തിരിച്ചറിയുന്ന ഒരു നടനായി മാറിയത് ലൂസിഫറിലെ ആ ഒരൊറ്റ വേഷത്തിലാണ്. അന്നുതൊട്ട് എമ്പുരാന്‍റെ ഒരോ ചര്‍ച്ച വരുമ്പോഴും ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്, എമ്പുരാനില്‍ ഉണ്ടോ എന്ന്. എനിക്ക് ഏറ്റവും കൂടുതല്‍ വന്നേയ്‌ക്കുന്ന ചോദ്യമാണ്. എന്‍റെ മനസ്സിലും അത് ദൈവമേ ഉണ്ടാവണമേ എന്നൊരു പ്രാര്‍ത്ഥന ഉണ്ടായിരുന്നു.
മുരളി ഗോപിയെ പോലെ ഇത്രയും പ്രഗല്‍ഭനായ ഒരു എഴുത്തുകാരന്‍ എഴുതുന്ന കഥ ഇത്രയും നന്നായി ജനങ്ങളിലേക്ക് എത്തിക്കാന്‍ അതും വിഷ്വലി എത്തിക്കാന്‍ പറ്റുന്ന ഏറ്റവും കഴിവുള്ള ഡയറക്‌ടര്‍മാരില്‍ ഒരാളാണ് പൃഥ്വിരാജ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സിനിമയുടെ ഓരോ മൈന്യൂട്ട് കാര്യങ്ങളിലും അത്രയ്‌ക്കും അദ്ദേഹത്തിന്‍റെ ഉള്ളില്‍ ആ സിനിമയുണ്ടെന്ന് ഓരോ ഷോട്ട് എടുക്കുമ്പോഴും മനസ്സിലാകും..
വളരെ കുറച്ച് സീനുകളിലേ എനിക്കാ സിനിമയുടെ ഭാഗമാകാന്‍ പറ്റിയിട്ടുള്ളതെങ്കിലും, എനിക്ക് ഷൂട്ട് ഇല്ലെങ്കിലും ഞാന്‍ വളരെ അത്‌ഭുതത്തോടെ അദ്ദേഹത്തിന്‍റെ ഡയറക്ഷന്‍ മാറി നിന്ന് ആര്‍ക്കും ശല്യമില്ലാതെ കണ്ടുകൊണ്ട് നില്‍ക്കുമായിരുന്നു. ഓരോ സീക്വന്‍സ് എടുക്കുമ്പോഴും.. പ്രത്യേകിച്ച് ലാലേട്ടന്‍ ലൂസഫറില്‍ ഉപയോഗിച്ച കാര്‍ വരുമ്പോള്‍ തന്നെ ഉള്ളില്‍ ലാലേട്ടന്‍ വരുന്ന ആ ഫീല്‍ നമുക്ക് കിട്ടും. ലാലേട്ടന്‍റെ മുഖം കാണുന്നത് പോലുള്ള ഫീല്‍. ലാലേട്ടന്‍ വരുന്നെന്ന് തോന്നുന്ന രീതിയിലായിരുന്നു അതിന്‍റെ മൂവ്‌മെന്‍റ് പോലുമെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അത്രയ്‌ക്കും അദ്ദേഹത്തിന്‍റെ മനസ്സില്‍ ആ സിനിമയുണ്ട്.
എന്തായാലും നമുക്കെല്ലാവര്‍ക്കും നല്ല അതിശയിപ്പിക്കുന്ന അല്ലെങ്കില്‍ വളരെ സന്തോഷത്തോടെ കണ്ടിറങ്ങാന്‍ പറ്റുന്ന ത്രില്ലടിപ്പിക്കുന്ന ഒരു സിനിമയായിരിക്കും എമ്പുരാന്‍ എന്നതില്‍ എനിക്ക് യാതൊരു സംശവയും ഇല്ല. നമ്മള്‍ കാത്തിരുന്ന എമ്പുരാന്‍ മാര്‍ച്ച് 27ന് തിയേറ്ററുകളില്‍ എത്തുന്നു. എല്ലാവരും തിയേറ്ററില്‍ തന്നെ പോയി കാണുക" -ജെയ്‌സ് ജോസ് പറഞ്ഞു നിര്‍ത്തി.