തിരുവനന്തപുരം: കോട്ടയം കനാറാ ബാങ്കിലെ അഴിമതി കേസിൽ മുൻ ബാങ്ക് ചീഫ് മാനേജർ ഉൾപ്പെടെ നാല് പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും 5 കോടി 87 ലക്ഷം രൂപ പിഴയും. കനാറാ ബാങ്ക് മുൻ ചീഫ് മാനേജർ ഇ. ജി. എൻ. റാവു, ബോബി ജേക്കബ്, ടീനു ബോബി, കെ.വി. സുരേഷ് എന്നീ ഒന്ന്, മൂന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയും മാനേജറുമായ എം.പി. ഗോപിനാഥൻ നായരെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം സിബിഐ കോടതിയുടെതാണ് ഉത്തരവ്.
പിഴ തുകയിൽ നിന്ന് പണം നഷ്‌ടമായ കോട്ടയം സ്വദേശി ഉണ്ണിമായകുട്ടിക്ക് അഞ്ച് കോടി രൂപ നൽകണം. കൂടാതെ പണം നഷ്‌ടമായ ഗിരിജയ്ക്ക് 40 ലക്ഷം രൂപയും, അനിൽ രാജ് 25 ലക്ഷം രൂപയും, ശിവരാജൻ ഉണ്ണിത്താന് 5 ലക്ഷം രൂപയും നൽകാന്‍ ഉത്തരവിൽ പറയുന്നു. പ്രതികൾ ഈ പണം നൽകിയില്ലെങ്കിൽ അവരുടെ വസ്‌തുക്കൾ ജപ്‌തി ചെയത് പണം ഈടക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇവർ നാലു പേരും കേസിലെ സാക്ഷികളാണ്.
2004 ജൂൺ ഏഴ് മുതൽ 2006 ഡിസംബർ 16 എന്നീ കാലഘട്ടത്തിലാണ് അഴിമതി നടക്കുന്നത്. ഒന്നാം പ്രതി മൂന്നും, നാലും പ്രതികളുമായി ഗുഢാലോചന നടത്തി കുരുമുളകിന്‍റെയും, ഏലത്തിൻ്റെയും ബിസിനസ് ആവശ്യങ്ങൾക്കെന്നും പറഞ്ഞ്, കോട്ടയം കനറാ ബാങ്ക് ശാഖയിൽ നിന്നും വിവിധ ലോണുകൾ എടുത്തു. ഇതിനായി ഇവർ ചെത്തിപ്പുഴ അസോസിയേറ്റ്സ്, ചെത്തിപ്പുഴ ട്രയിഡിങ് കമ്പനി എന്നിങ്ങനെ ഇല്ലാത്ത സ്ഥാപനങ്ങൾ ഉണ്ടെന്ന രേഖകൾ കൃത്രിമമായി തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.