എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ ഫോർട്ട് കൊച്ചി സർവ്വീസ് ഏപ്രിൽ 21 ഞായറാഴ്‌ച തുടങ്ങും. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ഫോർട്ട് കൊച്ചി ടെർമിനലിലേക്കാണ് മെട്രോ ബോട്ടുകൾ സർവീസു നടത്തുക.ഇതോടെ വിനോദസഞ്ചാരികൾക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ ഫോർട്ട് കൊച്ചിയിലെത്താനുള്ള അവസരമാണ് ഒരുങ്ങുന്നുന്നത്.
പൊതുജനങ്ങളും വിനോദസഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്ടർ മെട്രോയുടെ സർവീസ് കൂടിയാണിത്. ഫോർട്ട് കൊച്ചി ടെർമിനലിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. കൊച്ചിൻ ഷിപ്പ് യാർഡ് പതിനാലാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്‍റെയും ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് ഞായറാഴ്‌ച സർവ്വീസ് ആരംഭിക്കുന്നതെന്ന് കെഎംആർഎൽ അറിയിച്ചു.
ടിക്കറ്റ് നിരക്കും യാത്രാ സമയവും
ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ - ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുക. ഇത്തവണ മുതൽ അവധിക്കാലമാഘോഷിക്കാനൊത്തുന്ന വിനോദസഞ്ചാരികൾക്ക് ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകുമെന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഏപ്രിൽ 25 ന് ഒരു വർഷം പൂർത്തിയാകും. പത്ത് ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തുന്ന ഏറ്റവും വിപുലമായ ബോട്ട് സർവീസാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി ലക്ഷ്യമിടുന്നത്.
ഒമ്പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 14 ബോട്ടുകളുമായി ആറ് റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. വിനോദസഞ്ചാര മേഖലയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്തുന്നത് ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകും. ഇതിന് മുന്നോടിയായി ഫോർട്ട് കൊച്ചിയിലെ നടപ്പാതകളും വഴിവിളക്കുകളുമുൾപ്പെടെ മാറ്റി സ്ഥാപിച്ച് കെഎംആർഎൽ ഫോർട്ട് കൊച്ചിയിൽ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
ലോകോത്തര നിലവാരമുള്ള ബോട്ടുകൾ