എറണാകുളം: എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്തുവാനുള്ള നീക്കത്തിൽ വിമർശനവുമായി ഹൈക്കോടതി. ഭക്തരെ ചൂഷണം ചെയ്യാനനുവദിക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അനധികൃതമായി ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കുറി തൊടുന്നതിന് പണം വാങ്ങുന്ന ദൃശ്യങ്ങളിലെ വ്യക്തിയുടെ വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
എരുമേലിയിൽ പേട്ടതുള്ളൽ കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തരിൽ നിന്ന് സിന്ദൂരവും ചന്ദനവും തൊടാൻ പത്ത് രൂപ വച്ച് ഈടാക്കി കരാർ ഏർപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടിയെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. ഭക്തരെ ചൂഷണം ചെയ്യാൻ യാതൊരു കാരണവശാലും അനുവദിക്കില്ല.
ദേവസ്വത്തിന് ഏഴ് ലക്ഷമാണ് ലഭിക്കുന്നതെങ്കിൽ കരാറുകാരന് കോടികളാകും ലഭിക്കുക. കടം വാങ്ങിയും മറ്റും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭക്തരുമുണ്ട്. ആരെയും ഭക്തരുടെ കൈയ്യിൽ നിന്നും പണം വാങ്ങാൻ അനുവദിക്കില്ലെന്നും കോടതി കടുപ്പിച്ചു പറഞ്ഞു.
അതേസമയം നിർബന്ധിച്ചു പണം വാങ്ങുന്നില്ലെന്നും അനധികൃതമായി ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യം സാധൂകരിക്കാനായി കുറി തൊടുന്നതിന് പണം വാങ്ങുന്ന ദൃശ്യങ്ങളും ദേവസ്വം ബോർഡ് ഹാജരാക്കിയിരുന്നു. തുടർന്ന് പണം വാങ്ങുന്ന ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയാരെന്ന് അന്വേഷിച്ച് വിവരങ്ങൾ കൈമാറാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എരുമേലിയിൽ കുറി തൊടാൻ പണപ്പിരിവ് ഏർപ്പെടുത്തിയ ദേവസ്വം ബോർഡിന്‍റെ കരാർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. എരുമേലി സ്വദേശിയും അയ്യപ്പ ഭക്തനുമായ മനോജ് എസ് നായരാണ് അഡ്വ വി സജിത് കുമാർ മുഖേന ഹർജി നൽകിയത്. ഹർജിയിൽ ബന്ധപ്പെട്ട എസ്എച്ച്ഒയെയടക്കം കക്ഷി ചേർക്കാൻ നിർദേശിച്ച ഹൈക്കോടതി വിഷയം ചൊവ്വാഴ്‌ചത്തേക്ക് മാറ്റിയിട്ടുണ്ട്.
വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്: എരുമേലി ക്ഷേത്ര പരിസരത്തെ പൊട്ട് കുത്തലിന് സൗജന്യ സംവിധാനമൊരുക്കും
പൊട്ട് കുത്തൽ എന്നത് എരുമേലി ശാസ്‌താ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ആചാരമല്ല. പേട്ട തുള്ളലിന് ശേഷം കുളിച്ച് വരുന്ന അയ്യപ്പ ഭക്തർ ദേഹത്ത് കുങ്കുമവും ചന്ദനവും പൂശുന്ന പതിവുണ്ടായിരുന്നു. ആദ്യം നാട്ടുകാരാണ് ഇത്തരത്തിൽ പൊട്ട് കുത്തി നൽകിയിരുന്നതെങ്കിൽ പിന്നീട് നാട്ടുകാരും അല്ലാത്തവരുമായ നൂറ് കണക്കിന് ആളുകൾ പൊട്ട് കുത്തലുകാരായി എത്തി അയ്യപ്പ ഭക്തരെ വലിയ തോതിൽ സാമ്പത്തികമായി ചൂഷണം ചെയ്യുന്നെന്ന പരാതികൾ ഉയർന്നു.
ദേഹശുദ്ധി വരുത്തി വരുന്ന അയ്യപ്പ ഭക്തരെ പൊട്ട് കുത്താനുള്ള കച്ചവട താൽപര്യം മുൻ നിർത്തിയുള്ള മത്സരം നടപ്പന്തലിൽ അടക്കം വലിയ സംഘർഷത്തിലേക്ക് മാറി. തുടർന്ന് ഇത് നിയന്ത്രിക്കണമെന്ന പൊലീസിന്‍റെ നിർദേശത്തെ തുടർന്നും അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനും ക്ഷേത്രത്തിലെ സമാധാന അന്തരീക്ഷം സംരക്ഷിക്കുന്നതിനുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊട്ട് കുത്തൽ ചടങ്ങ് ഏറ്റെടുത്തത്. ഇത് കുത്തകയിൽ പെടുത്തിയപ്പോഴോ ലേലം ചെയ്യുമ്പോഴോ ഉന്നയിക്കാത്ത പ്രശ്‌നങ്ങളുമായി ലേലം ഉറപ്പിച്ച് കഴിഞ്ഞപ്പോൾ ചിലർ മുന്നോട്ട് വന്നത് ചില സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.
എരുമേലി ക്ഷേത്ര പരിസരം സംഘർഷ ഭൂമിയാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂർവമായ ശ്രമം തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരിച്ചറിയുന്നു. ആയതിനാൽ ഭക്തർക്ക് പൊട്ട് കുത്താനുള്ള സൗകര്യം സൗജന്യമായി നടപ്പന്തലിൽ ദേവസ്വം ബോർഡ് ഒരുക്കി നൽകും. നടപന്തലിലോ ക്ഷേത്രപരിസരത്തോ ഉത്സവ മേഖലയിലോ പൊട്ട് കുത്തൽ ചടങ്ങ് നടത്താൻ വ്യക്തികളെയോ സംഘടനകളെയോ കച്ചവട സ്ഥാപനങ്ങളെയോ അനുവദിക്കില്ല. ഇത്തരത്തിൽ ആരെങ്കിലും പൊട്ട് കുത്തൽ ചടങ്ങ് നടത്തി അയ്യപ്പ ഭക്തരെ ചൂഷണം ചെയ്താൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശക്തമായ നിയമ നടപടി സ്വീകരിക്കും.
Also Read:കളഭാഭിഷേകത്തിനുള്ള ചന്ദനം ഇനി ശബരിമലയില്‍ തന്നെ ഒരുങ്ങും; കാണിക്കയായി മെഷീന്‍ സമര്‍പ്പിച്ച് ഭക്തന്‍