തിരുവനന്തപുരം : സംസ്ഥാനം കടുത്ത അവഗണന നേരിടുന്ന പുതിയ സാഹചര്യത്തിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനാണ് ബജറ്റിൽ പ്രാധാന്യം നൽകിയതെന്നും സ്വകാര്യ നിക്ഷേപമെന്നത് പുതുമയുള്ള കാര്യമല്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ (KN Balagopal about investments ).
1957 ൽ ഇഎംഎസ്‌ന്‍റെ കാലത്താണ് മാവൂർ ഗ്വാളിറോയെൻസ് സംസ്ഥാനത്ത് നിക്ഷേപം നടത്തിയത്. അന്നത്ത അത്രയും കടുത്ത സ്ഥിതിയൊന്നും നിലവിലില്ല. മൂന്നു വർഷംകൊണ്ട് മൂന്നുലക്ഷം കോടി എന്ന അതിശയോക്തി എന്ന് വിചാരിക്കുന്നവർ ഉണ്ടാകും. എന്നാൽ ലക്ഷ്യം സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക രംഗം രാജ്യത്ത് ആകെ ഒരു മന്ദഗതിയിലാണ് ഉള്ളത്. സംസ്ഥാനത്തെ ആ മരവിപ്പിനെ നേരിടാൻ ഉള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലൈഫ് ഭവന പദ്ധതിയിലൂടെ 10000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തിയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. നിർമ്മാണ മേഖലയിലൂടെ സാമ്പത്തിക രംഗത്തിൽ ചലനം ഉണ്ടാക്കാൻ സാധിക്കും. ടൂറിസം മേഖലയിലൂടെയും നിക്ഷേപം ലക്ഷ്യമിടുന്നുണ്ട്. ടൂറിസ്‌റ്റ് ഡെസ്‌റ്റിനേഷനുകളിൽ വിവിധ റസ്‌റ്റ് റൂമുകൾ ഫോറെസ്‌റ്റ് ഡിപ്പാർട്ട്മെന്‍റുമായി സഹകരിച്ചു കൂടുതൽ സ്വകാര്യ നിക്ഷേപവും ആലോചിക്കും.
മാർക്കറ്റ് വിലയേക്കാൾ 15 രൂപ അധികം ലഭിക്കുന്ന രീതിയിലാണ് റബ്ബർ താങ്ങു വില വർധിപ്പിച്ചിട്ടുള്ളത്. ആദ്യമായി ഇത്തവണ പരിസ്ഥിതി ബഡ്‌ജറ്റ് അവതരിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തെ വലിയ കുതിച്ചുചാട്ടത്തിന് സഹായിക്കുന്നതാണ് ബജറ്റ്.