കേരളം

kerala

ETV Bharat / state

ബാർകോഴ മുതൽ സിഎംആർഎൽ മാസപ്പടി വരെ: സർക്കാരിനെതിരെ ആഞ്ഞടിയ്‌ക്കാന്‍ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്നുമുതല്‍ - KERALA LEGISLATIVE ASSEMBLY SESSION BEGIN TODAY

കേരള നിയമസഭയുടെ പതിനൊന്നാം സമ്മളനത്തിന് ഇന്ന് തുടക്കം. സഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.

ASSEMBLY SESSION  കേരള നിയമസഭ  CPM  CONGRESS
KERALA LEGISLATIVE ASSEMBLY SESSION BEGIN TODAY (ETV Bharat)

By ETV Bharat Kerala Team

Published : Jun 10, 2024, 8:21 AM IST

തിരുവനന്തപുരം :പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്ന് ഇന്ന് തുടക്കമാകും. 2024 - 25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്‌ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തെ നിലംപരിശാക്കി നേടിയ വൻ ഭൂരിപക്ഷത്തിന്‍റെ കരുത്തിലും ആത്മവിശ്വാസത്തിലുമാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്.

പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും ജനകീയ പ്രശ്‌നങ്ങളും ആരോപണങ്ങളും ഉയർത്തി പ്രക്ഷോഭത്തിന്‍റെ പാതയിലായിരിക്കും നീങ്ങുക. ബാർ കോഴ മുതൽ സിഎംആർഎൽ മാസപ്പടി വരെയുള്ള വിവാ​ദങ്ങൾ പ്രതിപക്ഷം സർക്കാരിനെതിരെ സഭയിലുയർത്തും. ആദ്യദിനം തന്നെ ബാർ കോഴയിൽ അടിയന്തര പ്രമേയ നോട്ടിസ് കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

ചോദ്യോത്തര വേളയ്‌ക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കൽ ഉണ്ടായിരിക്കും. അതിന് ശേഷമാകും സീറോ അവർ. ആദ്യ ദിനം തന്നെ അടിയന്ത പ്രമേയം അവതരിപ്പിക്കുന്നത് ഒഴിവാക്കണെമെന്ന് സ്‌പീക്കറുടെ ഓഫിസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിപക്ഷം അതിന് തയ്യാറല്ല എന്ന് അറിയിച്ചു. മാത്രമല്ല അടിയന്ത പ്രമേയ നോട്ടിസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി, മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം, ക്ഷേമപെൻഷൻ മുടങ്ങിയത്, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടങ്ങിയത്, പൊതുവിതരണത്തിന്‍റെ തകർച്ച, സിപിഎം പ്രവർത്തകർ നിയമം കൈയിലെടുക്കുന്നത്, സർക്കാർ ആശുപത്രികളിലെ ശസ്‌ത്രക്രിയ പിഴവുകൾ സർക്കാരിന്‍റെ സമഗ്രാധിപത്യ പ്രവണത തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾ പ്രതിപക്ഷം സഭയിൽ ചർച്ചയാക്കും. കെഎസ്ആർടിസിക്ക് പിന്നാലെ സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

അതേസമയം, ഭരണ നേട്ടങ്ങൾ ഉയർത്തിയാകും സർക്കാർ പ്രതിപക്ഷത്തെ പ്രതിരോധിക്കുക. രണ്ടാം പിണറായി സർക്കാർ മൂന്നു വർഷക്കാലം നടപ്പിലാക്കിയ പദ്ധതികളിലാണ് ഭരണപക്ഷത്തിന്‍റെ പ്രതീക്ഷ. ആരോപണ പ്രത്യാരോപണങ്ങൾ സഭയെ പ്രക്ഷുബ്‌ധം ആക്കുമെന്ന് ഉറപ്പ്. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണനും ഷാഫി പറമ്പിലും സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ സഭയിലെത്തും. 17 വരെ ഇരുവർക്കും സമ്മേളനത്തിൽ പങ്കെടുക്കാം.

13 മുതൽ 15 വരെ നാലാം ലോക കേരളസഭ നടക്കും. അതിനാൽ 13 മുതൽ 18 വരെ സഭ ചേരില്ല. ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 25 ന് നടക്കും. ഇന്ന് തദ്ദേശ സ്വയംഭരണത്തിന് സ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയ ബില്ലുകളാണ് പരിഗണിക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജൂലൈ 25 ന് സമ്മേളനം അവസാനിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ALSO READ :രണ്ടാം പിണറായി സർക്കാറിന്‍റെ മൂന്നാം വർഷ പ്രോഗ്രസ് റിപ്പോര്‍ട്ട് നാളെ

ABOUT THE AUTHOR

...view details