എറണാകുളം :കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, മുൻ എംപിയുമായ പി കെ ബിജുവിനെ എൻഫോഴ്സ്മെന്‍റ് ഡയറകടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇഡി നോട്ടിസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം കൊച്ചി ഓഫിസിൽ ഹാജരായത്. ഇഡി ചോദ്യം ചെയ്യട്ടെയെന്നും, തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയുമെന്നും പി കെ ബിജു പ്രതികരിച്ചു. എന്തിനാണ് തന്നെ വിളിപ്പിച്ചെതെന്ന് അറിയില്ലന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പി കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത്.
കരുവന്നൂർ കേസിൽ ഒരു മുൻ എംപിക്ക് പങ്കുണ്ടെന്ന് നേരത്തെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇഡി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് പി കെ ബിജുവാണെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസിലെ മുഖ്യപ്രതി സതീഷ് കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.
കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണത്തിൽ നിന്നും ഒരു പങ്ക് പി കെ ബിജുവിന് ലഭിച്ചതായും ഇഡി സംശയിക്കുന്നു. സതീഷ് കുമാറിന് ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇഡി പി കെ ബിജുവിനെതിരെയും അന്വേഷണം തുടങ്ങിയത്. കരുവന്നൂർ സഹകര ബാങ്ക് ക്രമക്കേടിൽ സിപിഎം നടത്തിയ അന്വേഷണത്തിൻ്റെ ചുമതല പി കെ ബിജുവിനായിരുന്നു. ഈയൊരു സാഹചര്യത്തിൽ പി കെ ബിജുവിനെ ചോദ്യം ചെയ്‌താൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.
കരുവന്നൂർ പർട്ടി അന്വേഷണ കമ്മിഷൻ അംഗവും പ്രാദേശിക സിപിഎം നേതാവുമായ ഷാജനും ഇഡി നോട്ടിസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച (05-04-2024) കൊച്ചി ഓഫിസിൽ ഹാജരാകാനാണ് നിർദേശം.
ഏപ്രിൽ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസിന് ഇഡി നോട്ടിസ് അയച്ചിരുന്നു. എന്നാൽ തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കുള്ളതിനാൽ ഹാജരാകാൻ കഴിയില്ലന്നും ഏപ്രിൽ 26ന് ശേഷം ഹാജരാകാമെന്നും ഇഡിയെ അറിയിച്ചു. എന്നാൽ ഇഡി ഇത് തള്ളുകയും ഏപ്രിൽ അഞ്ചിന് ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയിരിക്കുകയുമാണ്.