കണ്ണൂർ :മട്ടന്നൂർ മൂർഖൻ പറമ്പിലെ കുന്നിൻ മുകളിലെ വിമാനത്താവളത്തിന്‍റെ സ്ഥലപ്പേര് പോലെ കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ഇഷ്‌ട കേന്ദ്രമാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം. ആദ്യഘട്ടത്തിൽ പന്നി ശല്യമായിരുന്നെങ്കിൽ ഇപ്പോൾ വിമാനത്താവളം നേരിടുന്ന വലിയ പ്രതിസന്ധി മയിലുകളാണ്. വിമാനങ്ങൾ റൺവേയിൽ ഇറങ്ങുന്ന സമയത്തും പറന്നുയരുന്ന സമയത്തും മയിലുകൾ റൺവേയിലേക്ക് കൂട്ടത്തോടെ എത്തുന്നതാണ് അപകട ഭീഷണി ഉയർത്തുന്നത്.
പക്ഷികളെ ഓടിക്കാൻ പ്രത്യേക സംഘം ഉണ്ടെങ്കിലും മയിലുകളുടെ എണ്ണം വർധിച്ചതോടെ ഇവർ നിസഹായരായി മാറിയിരിക്കുകയാണ്. ഷെഡ്യൂൾ ഒന്നിൽപെട്ട പക്ഷിയാണ് മയിൽ. കൂടാതെ ദേശീയ പക്ഷിയും. അതിനാൽ തന്നെ ഇവയെ പിടികൂടി മാറ്റണമെങ്കിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്‍റെ പ്രത്യേക അനുമതി ആവശ്യമാണ്. ഇതോടെ എങ്ങനെ മയിലുകളെ തുരത്തുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് വിമാനത്താവളം അധികൃതർ.