സംസ്ഥാനത്തെ തീരദേശ മേഖലകളിൽ കടലാക്രമണം (Reporter) തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ തീരദേശ മേഖലകളിൽ വലിയ കടലാക്രമണം. മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും ശക്തമായ തിരമാലയിൽ വീടുകളിൽ വെള്ളം കയറി. കടലാക്രമണ സാധ്യതയുള്ളതിനാൽ ഇന്നലെ രാത്രി മുതൽ ആളുകളെ വീടുകളിൽ നിന്ന് മാറ്റി പാർപ്പിച്ചിരുന്നു. വീടുകളിലെ വീട്ടുപകരണങ്ങൾ അടക്കം മുഴുവൻ സാധനങ്ങളും കടലാക്രമണത്തിൽ നശിച്ചു.
നേരത്തെ ശക്തമായ തിരമാല ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പലരും ജാഗ്രത പാലിച്ചതിനാൽ വലിയ അപകടം ഒഴിവായി. ഇന്ന് പുലർച്ചയോടെയാണ് പല തീരങ്ങളിലും ശക്തമായ തിരമാല ഉണ്ടായത്. വരും മണിക്കൂറുകളിൽ ശക്തമായ തിരമാലക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനവള്ളങ്ങൾ തീരത്ത് നിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികൾ.
തിരുവനന്തപുരം, അഞ്ചുതെങ്ങ്, വിഴിഞ്ഞം, പൂന്തുറ തീരങ്ങളിൽ ശക്തമായ തിരമാലയാണ് ഉണ്ടായത്. കടലാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ പല ഭാഗങ്ങളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് ഓറഞ്ച് അലർട്ടാണ്.
കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Also Read : തൃശൂരില്‍ കള്ളക്കടൽ ; മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമാക്കി - Kallakkadal Phenomenon Kodungallur