കാസർകോട്:പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇനി സഫിയയ്‌ക്ക് മടങ്ങാം. കാലങ്ങളായുള്ള മാതാപിതാക്കളുടെ നെഞ്ചിലെ വേദനയ്‌ക്ക് ഇതോടെ ആശ്വാസമാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട മകളുടെ കേസില്‍ തെളിവിനായി സൂക്ഷിച്ച തലയോട്ടി മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കാന്‍ കോടതി വിധിച്ചു.
ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ആശ്വാസ ഏറെ നല്‍കുന്ന വിധി. 13ാം വയസില്‍ ഗോവയില്‍ വച്ചാണ് കുടക് അയ്യങ്കേരി സ്വദേശിയായ സഫിയ കൊല്ലപ്പെട്ടത്. മകളുടെ ശരീരഭാഗം ഏറ്റുവാങ്ങാൻ മൊയ്‌തുവും ആയിശുമ്മയും തിങ്കളാഴ്‌ച (നവംബർ 11) കോടതിയിൽ എത്തും. മതാചാര പ്രകാരം മകളെ സംസ്‌കരിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.
കേസിനാസ്‌പദമായ സംഭവം ഇങ്ങനെ:ഗോവയിൽ കരാറുകാരായ കാസർകോട് മുളിയാർ സ്വദേശി കെസി ഹംസയ്ക്കും ഭാര്യ മൈമൂനയ്ക്കുമൊപ്പം വീട്ടുജോലി ചെയ്യുമ്പോൾ 13ാം വയസിലാണ് സഫിയ കൊല്ലപ്പെട്ടത്. 2006 ഡിസംബറിൽ ഇവർ കുട്ടിയെ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടെന്നുമായിരുന്നു കേസ്. പാചകത്തിനിടെ കുട്ടിക്ക് പൊള്ളലേറ്റപ്പോൾ ബാലപീഡനക്കേസ് ഭയന്ന് കൊലപ്പെടുത്തി എന്നായിരുന്നു കുറ്റസമ്മത മൊഴി.
ഗോവയിൽ നിർമാണത്തിലിരുന്ന അണക്കെട്ടിന് സമീപത്ത് നിന്നാണ് 2008 ജൂൺ 5ന് സഫിയയുടെ അസ്ഥികൂടം പുറത്തെടുത്തത്. കുറ്റപത്രത്തിനൊപ്പം തലയോട്ടിയടക്കമുള്ള ശരീരഭാഗങ്ങൾ ക്രൈംബ്രാഞ്ച് ഹാജരാക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു ദൃക്‌സാക്ഷി പോലും ഇല്ലാത്ത കേസ്:ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂർണമായും ശാസ്ത്രീയ സാഹചര്യത്തെളിവുകളിലൂടെയാണ് ഈ കേസ് തെളിയിച്ചത്. ഇത്തരത്തിൽ തെളിയിക്കപ്പെട്ട് കോടതിയിൽ വിധി പറയുന്ന കേരളത്തിലെ രണ്ടാമത്തെ കേസാണ് സഫിയ കേസ്. ആദ്യത്തേത് എറണാകുളം കോതമംഗലത്ത് 2009ൽ നടന്ന അജാസ് കൊലക്കേസാണ്.
വധശിക്ഷ ജീവപര്യന്തമാക്കി:2015ലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകം എന്ന് വിലയിരുത്തി കോടതി ഹംസയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഹംസയെ കൂടാതെ ഭാര്യ മൈമൂനയും ബന്ധു അബ്‌ദുള്ളയെയും കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. 2019ൽ ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി. മറ്റ് രണ്ടുപേരുടെ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പ്രതിക്കുമേൽ ചുമത്തിയ കുറ്റങ്ങൾ:കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ബാലപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയത്. വാദി ഭാഗത്തിനുവേണ്ടി 37 സാക്ഷികളെ വിസ്‌തരിച്ചു. തെളിവായി 64 രേഖകളും 12 വസ്‌തുക്കളും കോടതിയില്‍ ഹാജരാക്കി. ദൃക്‌സാക്ഷികളില്ലെങ്കിലും കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രേസിക്യൂഷന് കഴിഞ്ഞു.
സഫിയയെ വെട്ടിമുറിച്ച് രണ്ടു കെട്ടുകളാക്കി ഉപേക്ഷിച്ചു:മരിച്ചതിന് ശേഷം സഫിയയെ വെട്ടിമുറിച്ച് രണ്ട് കെട്ടുകളാക്കി ഉപേക്ഷിച്ചെന്നായിരുന്നു ഹംസ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ലഭ്യമായ അസ്ഥികളിൽ നിന്ന് മൃതദേഹം സഫിയയുടേത് തന്നെയാണെന്ന് ഉറപ്പിക്കുകയും മരണകാരണം കണ്ടെത്തുകയുമായിരുന്നു ഫൊറൻസിക് സംഘത്തിന്‍റെ പ്രധാന ജോലി. തലയോട്ടി, താടിയെല്ല്, കഴുത്തിലെ രണ്ട് വെർട്ടിബ്ര എന്നിവയായിരുന്നു മൃതദേഹാവശിഷ്‌ടങ്ങളിൽ നിന്ന് ഡോക്‌ടർമാർക്ക് ലഭിച്ച പ്രധാന അസ്ഥികൾ.
Also Read:അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്; രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി ഉടൻ