എറണാകുളം:ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന കെഎസ്‌ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സർവീസ് നടത്താൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. മാത്രമല്ല ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ട് സര്‍വീസ് നടത്താൻ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നൽകി. ഇവ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മിഷണർ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. കഴിഞ്ഞ വർഷം കെഎസ്ആർടിസി ബസിൽ ശബരിമല തീർഥാടകരെ കുത്തിനിറച്ച് കൊണ്ടുപോയ സാഹചര്യമുണ്ടായിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശം.
അതേസമയം, 18ാം പടിയിൽ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കണമെന്ന കോടതി നിർദേശം പാലിക്കുമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി. ഭക്തർക്ക് ചുക്കുവെള്ളവും ബിസ്ക്കറ്റുമടക്കമുള്ള ഭക്ഷണങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കും. ജലം, വൈദ്യുതി, വനംവകുപ്പുകളും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഹൈക്കോടതിയെ അറിയിച്ചു.