എറണാകുളം: ചലച്ചിത്ര മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടരുതെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ കേൾക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. മുൻ ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടിയത്. റിപ്പോർട്ട് നാളെ (ഓഗസ്റ്റ് 16) പുറത്തുവിടാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.
തിങ്കളാഴ്‌ച (ഓഗസ്റ്റ് 19) ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കും. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരിലൊരാളായ തനിക്ക് റിപ്പോർട്ട് പുറത്തുവിടുന്നതിൽ ആശങ്കയുണ്ടെന്നാണ് നടി രഞ്ജിനി അപ്പീൽ ഹർജിയിൽ പറയുന്നത്.