എറണാകുളം: അങ്കമാലി അതിരൂപതയിൽ കുർബാന എകീകരണത്തിനെതിരെയും കൂരിയ അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ബിഷപ്പ് ഹൗസിൽ പ്രതിഷേധ സമരം തുടരുകയായിരുന്ന ഒരു വിഭാഗം വൈദികരെ പൊലീസ് നീക്കി. അതിരാവിലെയായിരുന്നു പ്രതിഷേധ പ്രാർത്ഥന തുടരുകയായിരുന്ന വൈദികർക്കെതിരെ പൊലീസ് നടപടിയുണ്ടായത്.
ഇരുപത്തിയൊന്ന് വൈദികരായിരുന്നു അതിരൂപത ബിഷപ്പ് ഹൗസിൽ പ്രതിഷേധത്തിൽ പങ്കടുത്തത്. വൈദികരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത പൊലീസ് നടപടിയിൽ അതിരൂപത സംരക്ഷണ സമിതി ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് കൂരിയാ അംഗങ്ങളെന്നും അവരെ രൂപത ഭരണസമിതിയിൽ നിന്ന് പുറത്താക്കണമെന്നാണ് സമരം ചെയ്ത വൈദികരുടെ ആവശ്യം.
കഴിഞ്ഞ ദിവസം എറണാകുളം ബസിലിക്ക പള്ളിയങ്കണത്തിൽ വൈദികരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിശ്വാസികൾ തമ്മിൽ തർക്കവും സംഘർഷവും നടന്നിരുന്നു. പൊലീസ് എത്തിയായിരുന്നു സംഘർഷം അവസാനിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് വൈദികരെ ബിഷപ്പ് ഹൗസിൽ നിന്ന് നീക്കിയത്.