തിരുവനന്തപുരം: കുട്ടികൾ തെറ്റ് ചെയ്‌ത് പഠിക്കട്ടെയെന്ന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. തിരുവനന്തപുരം കോട്ടൺ ഹിൽ എൽപിഎസിൽ ഇന്ന് നടന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് ഹോം വർക്ക് ഉൾപ്പെടെ എല്ലാം ചെയ്‌ത് കൊടുക്കുന്ന രക്ഷിതാക്കളുണ്ട്. അത് പരസ്യമായ കാര്യമാണ്. കുട്ടികളെ തെറ്റ് ചെയ്യുമെന്ന ധാരണ പാടില്ല. അവർ തെറ്റ് ചെയ്‌ത് പഠിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ ഹോം ചെയ്‌ത് തെറ്റിച്ചോട്ടെ. ടീച്ചർമാർ തിരുത്തി നൽകും. കുട്ടികളുടെ മനസിന്‍റെ വികാസമാണ് ഏറ്റവും പ്രധാനം. വികസിക്കാത്ത മനസുമായി എത്ര വിദ്യാഭ്യാസം നേടിയിട്ടും കാര്യമില്ല. നല്ല മനസിന് ഉടമയായിരിക്കണം. ദുഖവും സങ്കടവും ഈ ലോകത്തുണ്ടെന്ന് മനസിലാക്കാനാകണം. രക്ഷകർതൃത്വം വലിയ ഉത്തരവാദിത്വമാണ്. വ്യത്യസ്‌തമായ ആശയം പറയുന്ന കുട്ടിയെ വഴക്ക് പറയുന്നതിന് പകരം അവന്‍റെ ആശയത്തെ കേൾക്കാൻ തയ്യാറാകണം. നമ്മൾ വളർന്നപ്പോൾ അടിച്ചേൽപിക്കപ്പെട്ട ആശയങ്ങൾ കുട്ടികളിലേക്ക് അടിച്ചേല്‌പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.