എറണാകുളം :പെരിയാറിന് പിന്നാലെ മരടിലെ കായലിലും മത്സ്യങ്ങൾ ചത്തു പൊങ്ങി. ഈ ഭാഗങ്ങളിലുള്ള മത്സ്യ കർഷകരുടെ കൂട് കൃഷി മത്സ്യങ്ങളും ചത്തിട്ടുണ്ട്. ഫിഷറീസ് ഉദ്യോഗസ്ഥരും കുഫോസിൽ നിന്നുള്ള സംഘവും സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചു. മത്സ്യക്കുരുതിയുടെ കാരണം വ്യക്തമല്ല.
ഇന്നലെ മുതലാണ് കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതെങ്കിലും തരത്തിലുള്ള രാസമാലിന്യങ്ങളാണോ മത്സ്യക്കുരുതിയിലേക്ക് നയിച്ചതെന്ന് പരിശോധന ഫലം ലഭിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളൂ. അതേ സമയം പെരിയാറിലെ രാസമാലിന്യ സാന്നിധ്യം സ്ഥിരീകരിച്ച് കുഫോസ് ഏഴംഗ സമിതിയുടെ പഠന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.
മത്സ്യക്കുരുതിയെ തുടർന്നാണ് കുഫോസ് വിദഗ്‌ധ സമിതി പഠനം നടത്തി വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ ദിവസം വെള്ളത്തിൻ രാസമാലിന്യത്തിന്‍റെ സാന്നിധ്യം ഉണ്ട്. പെരിയാറിലെ വെള്ളത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിലാണെന്ന് കുഫോസിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വെള്ളത്തിൽ ഓക്‌സിജന്‍റെ അളവും കുറവായിരുന്നു. ഏത് വ്യവസായ സ്ഥാപനത്തിൽ നിന്നാണ് രാസമാലിന്യം പുറം തള്ളിയതെന്ന് കണ്ടത്താൻ വിശദമായ പരിശോധന ഫലം ലഭിക്കണം. ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ വെള്ളത്തിന്‍റെയും സാംപിളുകൾ എടുത്താണ് കുഫോസ് സംഘം പരിശോധന നടത്തിയത്.
ചത്ത മത്സ്യങ്ങളുടെ ആന്തരികാവയവങ്ങളില്‍ രാസവസ്‌തു സാന്നിധ്യം ഉണ്ടായിരുന്നു. ഓക്‌സിജന്‍റെ കുറവ് മാത്രമല്ല മത്സ്യങ്ങള്‍ ചാകാന്‍ കാരണമായതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. അമോണിയയും സള്‍ഫൈഡും എത്തിയത് എവിടെനിന്നാണെന്ന് അറിയാന്‍ കൂട്ടായ പരിശോധന ആവശ്യമാണ്. ഇത്തരം രാസപദാര്‍ഥങ്ങള്‍ കൂടിയ അളവില്‍ പുറന്തള്ളുന്നത് ഏത് വ്യവസായ ശാലയാണെന്ന് കണ്ടെത്തണം.